ന്യൂഡൽഹി: ബിഹാറിന് പ്രത്യേകപദവിയും പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ട് ജെഡിയു ദേശീയ കണ്വെന്ഷൻ പാസാക്കിയ പ്രമേയം ചർച്ചയാകുന്നു. കേന്ദ്രസര്ക്കാരിനോടുള്ള ആവശ്യമെന്ന നിലയിലാണ് എന്ഡിഎയിലെ പ്രധാനസഖ്യകക്ഷിയായ ജെഡിയു പ്രമേയം മുന്നോട്ട് വച്ചിരിക്കുന്നത്. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര് ചോര്ന്നതുമായി ബന്ധപ്പെട്ട് കര്ശന നടപടികളും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരപരീക്ഷകളിലെ ക്രമക്കേടുകള് ഒഴിവാക്കാന് ശക്തമായ നിയമം പാര്ലമെന്റില് പാസാക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതി സംവരണവുമായി ബന്ധപ്പെട്ട ജെഡിയു നിലപാടും ബിജെപിക്കും എന്ഡിഎ മുന്നണിയ്ക്കും തലവേദനയാണ്. ബിഹാറിലെ പിന്നാക്ക സംവരണം 65% ആക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതിയില് ചോദ്യം ചെയ്യുമെന്നും ആര്ജെഡി പ്രമേയത്തിലുണ്ട്. ജാതി സെന്സസിന്റെ അടിസ്ഥാനത്തിലായിരുന്നു ബിഹാറില് പിന്നാക്ക സംവരണം 65% ആക്കിയത്. ജാതി സര്വെകള് നടത്താന് സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് നിലപാട് സ്വീകരിച്ചിരുന്നത്. ജെഡിയു പിന്നാക്ക സംവരണ നിലപാടില് ഉറച്ചുനിന്നാല് ബിജെപി പ്രതിരോധത്തിലാകും.
ബിഹാറിന്റെ പ്രത്യേകപദവി സംബന്ധിച്ചും പിന്നാക്ക സംവരണം സംബന്ധിച്ചും ജെഡിയു അവതരിപ്പിച്ച പ്രമേയത്തിലെ നിലപാടുകള് ജെഡിയു ദേശീയ കണ്വെന്ഷന് ശേഷവും നിതീഷ് കുമാര് മാധ്യമങ്ങളോട് ആവര്ത്തിച്ചിരുന്നു. ഈ നിലപാടുകളില് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഇതുവഴി ബിജെപി നേതൃത്വത്തിന് നിതീഷ് നല്കുന്നത്. മൂന്നാം നരേന്ദ്രമോദി സര്ക്കാരിന് നിര്ണ്ണായകമായ പിന്തുണ നല്കുന്ന ജെഡിയുവിന്റെ ആവശ്യം കേന്ദ്രസര്ക്കാരില് സമ്മര്ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജെഡിയു ഉന്നയിച്ചിരിക്കുന്ന പ്രത്യേക പദവിയെന്ന ആവശ്യത്തോട് കേന്ദ്ര സര്ക്കാര് എങ്ങനെ പ്രതികരിക്കുമെന്നത് മോദി സര്ക്കാരിന്റെ സുഗമമായ പ്രവര്ത്തനത്തില് നിര്ണ്ണായകമാണ്. നേരത്തെ മോദി സര്ക്കാരിന്റെ ഭൂരിപക്ഷം നിര്ണ്ണയിക്കുന്നതില് നിര്ണ്ണായക പങ്കുള്ള തെലുങ്കു ദേശം പാര്ട്ടി ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജെഡിയുവിന് പിന്നാലെ തെലുങ്കുദേശം ആന്ധ്രാപ്രദേശിനായി നിലപാടെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനായിരുന്ന സാമൂഹിക ശാസ്ത്രജ്ഞന് ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലാണ് പ്രത്യേക പദവി എന്ന ആശയം രൂപപ്പെടുത്തിയത്. ഗാഡ്ഗിലിന്റെ ഫോര്മുല അനുസരിച്ച് ഒരു സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി ലഭിക്കുന്നതിന് വേണ്ട സവിശേഷ മാനദണ്ഡങ്ങള് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മലയോരവും ദുഷ്കരവുമായ ഭൂപ്രദേശം. കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കില് ഗണ്യമായ ഗോത്രവര്ഗ്ഗ ജനസംഖ്യ. അതിര്ത്തിയോട് ചേര്ന്ന തന്ത്രപ്രധാനമായ പ്രദേശം. സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ. സംസ്ഥാനത്തിന്റെ പ്രവര്ത്തനക്ഷമമല്ലാത്ത ധനകാര്യ സ്ഥിതി എന്നിവയാണ് പ്രത്യേക സംസ്ഥാനപദവി കണക്കാക്കാന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അസം, നാഗാലാന്ഡ്, ജമ്മു കശ്മീര്, അരുണാചല് പ്രദേശ്, ഹിമാചല് പ്രദേശ്, മണിപ്പൂര്, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, തെലങ്കാന എന്നിവയ്ക്കാണ് നേരത്തെ പ്രത്യേക പദവി നല്കിയിട്ടുള്ളത്.