കൊച്ചി: ആലുവയില് കടയുടമ 'നോ പാര്ക്കിംഗ്' ബോര്ഡുകള് നീക്കം ചെയ്ത സംഭവത്തില് പ്രതികരണവുമായി ഡിവൈഎസ്പി. ബോര്ഡുകള് നീക്കം ചെയ്തത് പൊലീസ് നിര്ദേശപ്രകാരമാണെന്ന് ഡിവൈഎസ്പി വിശദീകരിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്ദേശപ്രകാരം വെച്ച ബോര്ഡുകള് അല്ല കടയുടമകള് നീക്കം ചെയ്തതെന്നും ഡിവൈഎസ്പി പ്രസാദ് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. ഗതാഗത മന്ത്രി നിര്ദേശിച്ച പരിഷ്കാരങ്ങളില് മാറ്റങ്ങള് ഉണ്ടായിട്ടില്ലെന്നും ഡിവൈഎസ്പി വിശദീകരിച്ചു.
'വാഹനം പാര്ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കടക്കാര് തമ്മില് പലതവണ തര്ക്കങ്ങളുണ്ടായി. പാര്ക്കിംഗ് ബോര്ഡ് കടയ്ക്ക് മുന്നില് സ്ഥാപിക്കുന്നത് വില്പ്പനയെപോലും ബാധിക്കുന്നുവെന്ന പരാതി ഉയര്ന്നിരുന്നു. പരിശോധിച്ചപ്പോള് പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്ന്നാണ് ബോര്ഡ് നീക്കാന് നിര്ദേശം നല്കിയത്' ഡിവൈഎസ്പി പറഞ്ഞു.
പൊലീസ് പറഞ്ഞിട്ടാണ് ബോര്ഡ് നീക്കം ചെയ്തതെന്നും തൊട്ടടുത്ത കടയുടമയുമായി തര്ക്കങ്ങള് ഉണ്ടായിരുന്നുവെന്നും അവരാണ് ദൃശ്യങ്ങള് പ്രചരിപ്പിച്ചതെന്നും കടയുടമ അനില് കുമാറും വിശദീകരിച്ചു.
ആലുവയിലെ കടയുടമ തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന നോ പാര്ക്കിംഗ് ബോര്ഡ് നീക്കം ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ചൈത്രം ചിപ്സ് കട ഉടമയുടെ നേതൃത്വത്തിലായിരുന്നു ബോര്ഡുകള് നീക്കം ചെയ്തത്. തുടര്ന്ന് വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന് കെ ബി ഗണേഷ് കുമാര് നിര്ദേശം നല്കിയിരുന്നു. അഡീഷണല് ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്കാണ് നിര്ദേശം നല്കിയത്.