കൊച്ചി: പ്രതിപക്ഷ സഖ്യത്തിന് ഇന്ഡ്യ എന്ന പേര് നിര്ദേശിക്കല് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ ആശയമായിരുന്നുവെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. പ്രതിപക്ഷ സംഖ്യത്തിന്റെ ബെംഗളൂരു യോഗത്തിലാണ് പേര് നിര്ദേശിക്കുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാര് എതിര്ത്തെങ്കിലും ബാക്കി മുഴുവന് പേരും ഒറ്റക്കെട്ടായി പേരിനെ പിന്തുണച്ചെന്നും കെ സി വേണുഗോപാല് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് മുന്നണിയായിട്ടോ അല്ലാതെയോ മത്സരിക്കാം. ജയസാധ്യത അനുസരിച്ചായിരിക്കുമെന്നും കെ സി വേണുഗോപാല് പറഞ്ഞു. കേരളത്തില് മുഖ്യമന്ത്രി ആരെന്ന ചര്ച്ച യുഡിഎഫിനെ അലോസരപ്പെടുത്താനാണെന്നും കെ സി വേണുഗോപാല് പറഞ്ഞു. കേരളത്തിലേത് കൂട്ടായ നേതൃത്വമാണെന്നും ആലപ്പുഴയില് മത്സരിച്ചത് തന്നെ പാര്ട്ടി നിര്ബന്ധിച്ചതിനാലാണെന്നും കെ സി വിശദീകരിച്ചു.
ആലപ്പുഴയില് മത്സരിക്കാന് ആഗ്രഹം ഉണ്ടായിരുന്നില്ല. രാഹുല് ഗാന്ധിക്കും താന് മത്സരിക്കണം എന്ന് ഉണ്ടായിരുന്നില്ല. കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം മത്സരിക്കാന് സമ്മര്ദം ചെലുത്തുകയായിരുന്നു. കേരളത്തിലെ കോണ്ഗ്രസില് ശക്തരായ ഒരുപാട് നേതാക്കളുണ്ട്. എട്ട് വര്ഷത്തെ എല്ഡിഎഫ് ഭരണം കൊണ്ട് ജനങ്ങള്ക്ക് മടുത്തിട്ടുണ്ട്. എല്ഡിഎഫ് ഭരണം അവസാനിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കെസി വേണുഗോപാല് പറഞ്ഞു.
റിപ്പോര്ട്ടര് ടിവിയുടെ പതിനാലാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി അനുവദിച്ച അഭിമുഖത്തിലാണ് കെ സി വേണുഗോപാല് മനസ്സ് തുറന്നത്. ലോക്സഭാ ഇലക്ഷന് കാലത്ത് നിര്ഭയമായും വസ്തുനിഷ്ഠമായും ചര്ച്ചകള് നടത്തുന്നതില് ഏറ്റവും മുന്നില് നില്ക്കുന്ന ചാനലാണ് റിപ്പോര്ട്ടര്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില് ഏറ്റവും സത്യസന്ധമായ റിപ്പോര്ട്ടുകളാണ് നല്കിയത്. എടുത്തുപറയാനുള്ളത് മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാം ആണെന്നും എപ്പോഴും കാണാന് ശ്രമിക്കാറുണ്ടെന്നും കെ സി വേണുഗോപാല് കൂട്ടിച്ചേര്ത്തു.