സെക്രട്ടേറിയറ്റില് വന് ആക്രിക്കടത്ത്,നേതൃത്വം താല്കാലിക ജീവനക്കാരന്;ദൃശ്യങ്ങള് റിപ്പോര്ട്ടറിന്

മൂന്നോ നാലോ ലോഡ് കൊണ്ടുപോകാനുള്ള പാസ്സിന്റെ മറവിലാണ് ഒരു കണക്കുമില്ലാതെ ആക്രിക്കടത്ത് നടക്കുന്നത്

dot image

തിരുവനന്തപുരം: സെക്രട്ടേറിയറ്റില് വന് ആക്രിക്കടത്ത്. താല്ക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടക്കുന്നത്. മൂന്നോ നാലോ ലോഡ് കൊണ്ടുപോകാനുള്ള പാസ്സിന്റെ മറവിലാണ് ഒരു കണക്കുമില്ലാതെ ആക്രിക്കടത്ത് നടക്കുന്നത്. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ഉത്തരവോട് കൂടിയാണ് പേപ്പര് അടക്കമുള്ള പാഴ്വസ്തുക്കള് കൊണ്ടുപോകുന്നതെങ്കിലും ഒരു രൂപ പോലും അടക്കുന്നില്ലെന്ന് റിപ്പോര്ട്ടര് അന്വേഷണത്തില് വ്യക്തമായി.

ഹൗസ് കീപ്പിങിന്റെ ചുമതലയുള്ള അഡീഷണല് സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റുമായ പി ഹണി ഇറക്കുന്ന ഉത്തരവിന്റെ മറവില് ഇതേ സെക്ഷനിലെ തന്നെ താല്കാലിക ജീവനക്കാരന് ബിനുവാണ് ആക്രി സാധനങ്ങള് കടയിലെത്തിക്കുന്നത്. സെക്രട്ടേറിയറ്റില് നിന്ന് കടത്തുന്ന ആക്രികള് എത്തിക്കുന്നത് നഗരത്തിലെ ആക്രി കടകളിലേക്കാണ്.

സെക്രട്ടേറിയറ്റിലും സെക്രട്ടേറിയറ്റ് അനക്സ് ഒന്ന് രണ്ടിലും ഓരോ ആഴ്ചയിലും ലക്ഷങ്ങള് വിലയുള്ള പേപ്പര് അടക്കമുള്ള പാഴ് വസ്തുക്കളാണ് ഉണ്ടാകാറുള്ളത്. ഇത് നീക്കം ചെയ്യാന് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗം പ്രത്യേക ഉത്തരവിറക്കും. നേരത്തെ ടെണ്ടര് പിടിച്ച വ്യക്തിക്കാണ് ഈ ആക്രി എടുക്കാനും പുറത്തുകൊണ്ടുപോകാനുമുള്ള ഗേറ്റ് പാസ്സ് അനുവദിക്കുക. മിക്കവാറും രണ്ടാഴ്ച കൂടുമ്പോള് ഹൗസ് കീപ്പിങ് വിഭാഗത്തിലെ അഡീഷണല് സെക്രട്ടറി ഉത്തരവിറക്കും. ഈ ഉത്തരവ് പ്രകാരമാണ് ഗേറ്റ് പാസ്സുമായി വന്ന് ടെണ്ടര് കിട്ടിയ വ്യക്തി പേപ്പര് അടക്കമുള്ള പാഴ് വസ്തുക്കള് കൊണ്ടുപോകേണ്ടത്. കൊണ്ടുപൊകുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പണമടക്കണം എന്നാണ് ചട്ടം. ഇത് എങ്ങനെ നടക്കുന്നു എന്നറിയാനായിരുന്നു റിപ്പോര്ട്ടര് അന്വേഷണം.

ഇക്കഴിഞ്ഞ മെയ് 11ന് ആക്രി പുറത്തേക്കെടുക്കാന് മുത്തുവേല് എന്നയാള്ക്ക് ഗേറ്റ് പാസ്സ് കിട്ടി. ഹൗസ് കീപ്പിങ് അഡീഷണല് സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റുമായ പി ഹണി തന്നെയാണ് ഉത്തരവിട്ടത്. പക്ഷേ മുത്തുവേലിനാണ് കരാറെങ്കിലും കൊണ്ടുപോകാനെത്തിയത് ബിനു ആണ്. മെയ് 11 ന് മൂന്ന് ലോഡ് കൊണ്ടുപോകാനാണ് ഗേറ്റ് പാസ്സെങ്കിലും അഞ്ച് തവണ പോകുന്നത് റിപ്പോര്ട്ടര് ക്യാമറയില് പകർത്തിയിട്ടുണ്ട്.

ആക്രി സാധനങ്ങള് എത്തിച്ചത് കിള്ളിപ്പാലം ബണ്ട് റോഡിലുള്ള ആക്രിക്കടകളിലേക്കാണ്. ഈ വണ്ടികളുടെയെല്ലാം കൂടെ ബിനുവും ഉണ്ട്. ചിലപ്പോള് ആക്രി കൊണ്ടുപോകുന്ന വാഹനത്തിലും ചിലപ്പോള് ബൈക്കില് അകമ്പടിയായുണ്ടാകും. നിശ്ചയിച്ച പണം അടക്കുന്നുണ്ടോ എന്ന അന്വേഷണത്തില് ഇത് നടക്കുന്നില്ലെന്നും വ്യക്തമായി.

dot image
To advertise here,contact us
dot image