പത്തനംതിട്ട: വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് പോയ മകനെയും കാത്ത് പത്തനംതിട്ടയിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഉമ്മിണി അമ്മയ്ക്ക് സർക്കാർ വീട് വെച്ച് നൽകും. റിപ്പോർട്ടർ ടിവിയുടെ പതിനാലാം വാർഷികാഘോഷത്തിൽ പങ്കെടുക്കവേ റവന്യൂ മന്ത്രി കെ രാജനാണ് പ്രഖ്യാപനം നടത്തിയത്.
റിപ്പോർട്ടർ ടിവിയിലെ 'കോഫി വിത്ത് അരുൺ' മോർണിങ്ങ് ഷോയിലൂടെയാണ് ഉമ്മിണി അമ്മയുടെ ദുരവസ്ഥ കേരളം അറിയുന്നത്. പൊട്ടിപൊളിഞ്ഞ ഓടുകളും ചുമരുകളും മറ്റുമായി, ഇപ്പോൾ നിലംപൊത്തും എന്ന് നിലയിലാണ് വീടുള്ളത്. ആ വീടിന് മുൻപിൽ ദയനീയത നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ഉമ്മിണി അമ്മയുടെ ചിത്രം ആരെയും നോവിച്ചിരുന്നു.
ഉമ്മിണിയമ്മയുടെ നിസ്സഹായാവസ്ഥ റിപ്പോർട്ടർ വാർത്തയിലൂടെത്തന്നെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ ശ്രദ്ധയിൽപ്പെട്ടു. റിപ്പോർട്ടർ ടിവിയുടെ പതിനാലാമത് വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കവേ മന്ത്രി കെ രാജൻ ഇങ്ങനെ പറഞ്ഞു, 'ആ അമ്മയ്ക്ക് വീടുണ്ടാക്കി കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം റിപ്പോർട്ടർ ടിവിക്ക് വേണ്ടി ഞാൻ ഏറ്റെടുക്കുന്നു.'
നാടുവിട്ടുപോയ മകൻ എന്നെങ്കിലും തിരിച്ചു വരുമ്പോൾ താൻ ഈ വീട്ടിൽ തന്നെ കാണണം. ഇതാണ് തൻ്റെ ആഗ്രഹമെന്നും ഉമ്മിണിയമ്മ പറഞ്ഞിരുന്നു. ജൂലൈ മാസത്തിൽ തന്നെ വീട് നിർമ്മാണം തുടങ്ങാനുള്ള നടപടിക്രമങ്ങളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോവുകയാണ്.