തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഇന്ന് മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ കോഴ്സ് നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന ആശങ്ക നേരത്തെ തന്നെ വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിച്ചിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ടായിരുന്നു.
നാലു വർഷ ബിരുദം നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ക്ലാസുകൾ ഇന്ന് ആരംഭിക്കുമ്പോൾ തന്നെ സിലബസുകൾ പോലും കൃത്യമായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടില്ലെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സർവത്ര ആശങ്കയും ആശയക്കുഴപ്പവുമാണ് നിലനിൽക്കുന്നത്. സർക്കാരിന് ഇത് സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല. ഇന്റേൺഷിപ്പുമായി ബന്ധപെട്ടും വ്യക്തത വരുത്തിയിട്ടില്ല, മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡിസിൽ ഉള്ളത് നിലവാരമില്ലാത്ത ആളുകളാണെന്നും അവർ ഉണ്ടാക്കുന്ന തട്ടിക്കൂട്ട് സിലബസാണ് നാല് വർഷ ഡിഗ്രി കോഴ്സിന് വേണ്ടി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിയെ പന്താടാൻ സമ്മതിക്കില്ല.സംസ്ഥാനത്തെ സർവകലാശാലകളുടെ നിയമനവുമായി ബന്ധപ്പെട്ട് നടന്നത് വലിയ അഴിമതിയാണ്. കണ്ണൂർ സർവകലാശാലയിൽ ഗോപിനാഥ് രവീന്ദ്രനും പ്രിയ വർഗീസിനും വേണ്ടി കേസ് നടത്തിപ്പിനും മറ്റുമായി ഇക്കാലയളവിൽ 1.5 കോടിയോളം രൂപ ചിലവഴിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെല്ലാം സമാന സാഹചര്യമാണുള്ളതെന്നും ഷമ്മാസ് വിമർശിച്ചു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നാല് വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുന്നത്. മുൻ വർഷങ്ങളിലേത് പോലെ മൂന്നാം വർഷം ഡിഗ്രി കോഴ്സ് അവസാനിപ്പിക്കാനുള്ള ഒപ്ഷൻ നാല് വർഷ ബിരുദ കോഴ്സുകളിലുമുണ്ട്. ഒന്നെങ്കിൽ മൂന്നാം വർഷം ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സിലേക്കോ ജോലിയിലേക്കോ കടക്കാം, അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.
നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും