കണ്ണൂർ: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തുന്നത് പി ജയരാജനെതിരായ പിണറായി വിജയൻ്റെ സീക്രട്ട് ഓപ്പറേഷനെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. പി ജയരാജൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിൽ തിരുത്തൽ വാദികൾ തലപ്പൊക്കുമ്പോഴാണ് മനു തോമസിൻ്റെ ആരോപണമെന്നും പി ജയരാജൻ്റെ നീക്കത്തെ തടയാനുള്ള പിണറായി വിജയൻ്റെ ഓപ്പറേഷനാണ് ഇതിന് പിന്നിലെന്നും സി കെ നജാഫ് പറഞ്ഞു.
'മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ പോരാട്ടം നയിക്കുന്ന പി ജയരാജനെ ഒതുക്കാനുള്ള പിണറായിയുടെ ടൂളാണ് മനു തോമസ്. സ്വർണ്ണക്കടത്തിൽ പങ്ക് പി ജയരാജൻ്റെ മകന് മാത്രം ലഭിക്കുന്നു എന്നതിൽ മാത്രമാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആത്മരോഷത്തിന് കാരണം. മനു പറഞ്ഞ കോപ്പി കച്ചവടം, കോപ്പി ഗോൾഡ് കച്ചവടമാണ്. സിപിഐഎം നിയന്ത്രിയ ബാങ്കുകളിൽ ഈ കോപ്പി ഗോൾഡ് നിറച്ച് വെച്ചിട്ടുണ്ട്', സികെ നജാഫ് ആരോപിച്ചു. കോപ്പി കച്ചവടത്തിൻ്റെ യഥാർത്ഥ ഉള്ളടക്കം പുറത്ത് വരാൻ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും സി കെ നജാഫ് ആവശ്യപ്പെട്ടു.
അതിനിടെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഐഎം തീരുമാനിച്ചു. മനു തോമസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പാർട്ടി തീരുമാനം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഇതിന് വേണ്ടി രണ്ടംഗ കമ്മീഷനെ സിപിഐഎം നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം പ്രകാശൻ എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ കമ്മീഷൻ.
നേരത്തെ സോഷ്യൽ മീഡിയയിലടക്കം മനു തോമസ് പാർട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചുവെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ജയരാജൻ വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തിയെന്നും മനു തോമസ് ആരോപിച്ചിരുന്നു.
ടി പി ചന്ദ്രശേഖരന് വധവും ഷുഹൈബ് വധവും പാർട്ടിക്ക് പറ്റിയ തെറ്റായ തീരുമാനമാണെന്നും മനു തോമസ് സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. ഇതിനെതിരെ പി ജയരാജന്റെ മകൻ ജെയിൻ പി രാജ് മനു തോമസിന്റെ പേരിൽ മാനനഷ്ട് കേസ് ഫയൽ ചെയ്തിരുന്നു. മനു തോമസിനെതിരെ ഷുഹൈബ് വധ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണ കടത്ത് പ്രതിയായ അർജ്ജുൻ ആയങ്കിയും പരസ്യ ഭീഷണിയുമായി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായിരുന്നു
മനു തോമസ് വിവാദം; രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം