ഇടുക്കി: വനംവകുപ്പിനെ കൊണ്ട് പൊറുതിമുട്ടിയെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ. വന്യമൃഗങ്ങളെ കൊണ്ടും, വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും ജനങ്ങൾ പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ പണി എന്താണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഗൗരവമായി പരിശോധിക്കണമെന്നും വാഴൂർ സോമൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെട്ടിടം പണി ആരംഭിച്ചപ്പോൾ സ്റ്റോപ്പ് മെമ്മോ കൊടുത്തു. കോടികൾ മുടക്കി കെടിഡിസി കെട്ടിടം പണിഞ്ഞപ്പോൾ ഇതേ കാര്യം പറഞ്ഞ് അതും മുടക്കി. ഇങ്ങനെ പോയാൽ എവിടെ ചെന്ന് നിൽക്കുമെന്നും എംഎൽഎ ചോദിച്ചു.
1916-ൽ റവന്യൂ ഭൂമിയായിരുന്ന മൗണ്ട് സത്രം പ്രദേശത്ത് എയർ സ്ട്രിപ്പ് പണിയാൻ അനുമതി കിട്ടി. 1917-ൽ വനമായി പ്രഖ്യാപിച്ചു. ഇപ്പോൾ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്. രേഖകൾ ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ആയിരം കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതിക്കാണ് വനം വകുപ്പ് തുരങ്കം വച്ചത്. പാവങ്ങൾക്ക് ഭൂമി അനുവദിച്ചപ്പോൾ അതിൽ കയറാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. ജനങ്ങളുടെ കയ്യിൽ രേഖയുണ്ട്. എന്നാൽ വനം വകുപ്പിന്റെ കയ്യിൽ രേഖയില്ല. ദയവുചെയ്ത് മന്ത്രി ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാഞ്ചാലിമേട്ടിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി 90% പൂർത്തിയായി. അവിടെയും സ്റ്റോപ്പ് മെമോയുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ വന്നു. വന്യമൃഗങ്ങൾ താലൂക്ക് ഓഫീസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. അതിനെ ഒന്നോടിച്ചു വിടാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. എവിടെയെല്ലാം റവന്യൂ ഭൂമി തരിശ് കിടക്കുന്നുണ്ട്. അത് നോട്ടിഫിക്കേഷൻ ചെയ്ത് വനമാക്കുന്ന പണിയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. തുറന്നു പറയാതെ തരമില്ല. പരിഹാരം കണ്ടെത്തിയേ പറ്റൂ. സഹികെട്ടതുകൊണ്ടാണ് ഇത്രയും തുറന്നുപറഞ്ഞത്. വനം, ഇടുക്കിയിലും ഡിഎഫ്ഒ ഓഫീസ്, കോട്ടയത്തുമാണ്. തലതിരിഞ്ഞ പരിപാടികളാണ് നടക്കുന്നത്. മന്ത്രിയെ വിശ്വസിച്ച് അപകടം പറ്റിയ ആൾക്ക് സഹായം നൽകാമെന്ന് താൻ വാഗ്ദാനം നൽകിയെന്നും ഒരു ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നും വാഴൂര് സോമന് ആരോപിച്ചു. ജനപ്രതിനിധിയായ താൻ നൽകിയ വാക്കിന് വല്ല വിലയും കൽപ്പിക്കുന്നോ എന്ന് ഗൗരവമായി ചിന്തിക്കണമെന്നും വാഴൂർ സോമൻ കൂട്ടിച്ചേര്ത്തു.