'വൈവിധ്യങ്ങളായ സാധ്യതകളാണ് മുൻപിൽ, കഴിവുകൾ ഇവിടെ പ്രയോഗിക്കണം'; നാലുവർഷ ബിരുദത്തിൽ മുഖ്യമന്ത്രി

'പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല. വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങൾ പഠിക്കാം'

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം. വിദ്യാർത്ഥികൾക്ക് വൈവിധ്യങ്ങളായ സാധ്യതകളാണ് മുൻപിലുള്ളതെന്നും അവരുടെ കഴിവുകൾ ഇവിടെത്തന്നെ പ്രയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല. വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങൾ പഠിക്കാം. അതാണ് നാലു വർഷ ബിരുദ കോഴ്സുകളുടെ പ്രത്യേകത. വിദ്യാർത്ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നു. നാലുവർഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാൻ കഴിയും'; മുഖ്യമന്ത്രി പറഞ്ഞു.

ബിരുദ കോഴ്സുകൾ വിജയകരമായി കൊണ്ടുപോകാനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവിലെ പഠനരീതിയെയും വിമർശിച്ചു. 'മുൻകൂട്ടി ഒരു ലക്ഷ്യം വെച്ചുള്ള പഠനമോ ആ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്നുള്ള ആത്മ പരിശോധനയോ വിദ്യാർത്ഥികളും അധ്യാപകരും നടത്തുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മികച്ച സർവകലാശാലകളിലും നമ്മുടെ കുട്ടികളുണ്ട്. ഏത് നോബൽ സമ്മാന ജേതാക്കളുടെ ടീമിലും നമ്മുടെ നാട്ടിൽ നിന്ന് ഒരു സഹായിയെങ്കിലും ഉണ്ടാകും. എന്നാൽ ഈ മികവ് നമുക്ക് ഇവിടെ ഉണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴേ ലോക നിലവാരത്തിലേക്ക് എത്തുന്നുള്ളൂ. പരീക്ഷകൾക്ക് വേണ്ടി മാത്രം പഠിക്കുന്ന രീതി അതിനൊരു കാരണമാണ്'; മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി ഗവർണറെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലനിയമങ്ങൾ അറുപഴഞ്ചനാണെന്നും അവ ഇനിയും പഴയപടി തുടർന്നാൽ അത് പുതിയ തലമുറയോടുള്ള അനീതിയാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us