തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമെന്ന എസ്ഐടി വാർത്താ പരമ്പരയിലൂടെ സംസ്ഥാനത്ത് പിഎസ്സി നിയമനം കുത്തനെ കുറയുന്നത് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. ആരോഗ്യ വകുപ്പിലും കെഎസ്ഇബിയിലും ഹയർ സെക്കൻ്ററിയിലും പൊലീസിലുമെല്ലാം ലിസ്റ്റിലുള്ളവരില് വളരെക്കുറവ് നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് തെളിവുകൾ സഹിതമാണ് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നത്. എന്നാൽ വാർത്ത പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
തുടർച്ചയായ വാർത്തകളിലൂടെയാണ് കെഎസ്ഇബിയിലെ അപ്രഖ്യാപിത നിയമന നിരോധനം റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നത്. പുനഃസംഘടനയുടെ പേരിൽ രണ്ടുവർഷത്തിലേറെയായി കെഎസ്ഇബി ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനം തന്നെയെടുത്തു. തെളിവുകൾ സഹിതമാണ് വാർത്ത വന്നത്. എന്നിട്ടും ഉദ്യോഗസ്ഥർ അനങ്ങിയിട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികളുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.
'ഇതുവരെ നിയമനത്തിന്റെ കാര്യത്തിൽ ഒരു ചലനവും ഉണ്ടായിട്ടില്ല. നവകേരള സദസിൽ പോയി, വൈദ്യുതി മന്ത്രി, എംഎൽഎമാരെ എല്ലാവരെയും കണ്ടു. ഒരു വേക്കൻസിയും ഇതുവരെ റിപ്പോർട്ട് ചെയ്തില്ല എന്ന് മാത്രമല്ല, എല്ലാം ശരിയാക്കാം എന്ന് മാത്രമാണ് ഇവർ പറയുന്നത്. പുനഃസംഘടന അന്തിമഘട്ടത്തിലാണെന്നാണ് അവർ ഇപ്പോഴും പറയുക. പക്ഷെ ഒരു കാര്യവുമില്ല'; കെഎസ്ഇബി സബ് എൻജിനീയർ റാങ്ക് ജേതാവ് ദീപു ടി ധരൻ പറയുന്നു. ദീപു ഉൾപ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026ലാണ് അവസാനിക്കുക.
ആരോഗ്യവകുപ്പിലും പിഎസ്സി മെയിൻ ലിസ്റ്റിൽ നിന്ന് പത്ത് ശതമാനം പോലും നിയമനമുണ്ടായിട്ടില്ല. മന്ത്രി വീണാ ജോർജിൻ്റെ ജില്ലയായ പത്തനംതിട്ടയിൽ പോലും പേരിന് മാത്രമായിരുന്നു നിയമനം. സംസ്ഥാനത്ത് നൂറിലേറെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരൊറ്റ സ്ഥിരം നേഴ്സുപോലുമില്ലെന്നും റിപ്പോർട്ടറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ആരോഗ്യ വകുപ്പിലും കാര്യങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന നിർണായക വിവരം റിപ്പോർട്ടർ ടിവി എസ്ഐടി പരമ്പരയിലൂടെ പുറത്തുകൊണ്ടുവന്നു. എന്നാൽ അവിടെയും കാര്യങ്ങൾക്ക് യാതൊരു മാറ്റവുമില്ല.
'നേഴ്സിങ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഏഴായിരത്തോളം പേർ ഉൾപ്പെട്ടിട്ടുണ്ട്. 2021 ഡിസംബറിൽ നിലവിൽ വന്ന ലിസ്റ്റ് 2024 ഡിസംബറിലാണ് അവസാനിക്കുന്നത്. എന്നിട്ടും ഈ ലിസ്റ്റിലെ ആകെ പത്ത് ശതമാനം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. എത്രയും വേഗം ഒഴിവുകൾ അറിയിക്കാമെന്ന് പറയുമ്പോളും നമ്മൾ കണ്ടെത്തിക്കൊടുത്താലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയുള്ളൂ. താത്കാലിക ജീവനക്കാരെക്കൊണ്ടാണ് ജോലികളെല്ലാം നടന്നുപോകുന്നത്'; നേഴ്സിങ് ഓഫിസർ റാങ്ക് പട്ടികയിൽ ഏഴാം റാങ്ക് നേടിയ ദീപികയുടെ വാക്കുകളാണിത്.
തീർന്നില്ല. സംസ്ഥാനത്ത് ഹയര്സെക്കന്ഡറി അധ്യാപക നിയമനത്തിനായി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള് കഴിഞ്ഞിട്ടും നിയമനമില്ലെന്ന വാർത്തയും റിപ്പോർട്ടർ ടിവി എസ്ഐടി പരമ്പരയിലൂടെ പുറത്തെത്തിച്ചു. പിഎസ്സി അഡ്വൈസ് മെമ്മോ അയച്ച ഉദ്യോഗാർഥികൾക്ക് പോലും നിയമനം കിട്ടാത്തതും വാർത്തയായി. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കത്തതുമാണ് ഹയർ സെക്കൻ്ററിയിലെ അപ്രഖ്യാപിത നിയമനനിരോധനത്തിൻ്റെ പ്രധാന കാരണം.
ഇത് കൂടാതെ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് പൊലീസ് കോൺസ്റ്റബിൾമാരുടെ നിയമനമാണ്. കഴിഞ്ഞ തവണയുള്ള ലിസ്റ്റിൽ മുപ്പത് ശതമാനം നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സമരം കേരളം കണ്ടതാണ്. അതേ അവസ്ഥയിലേക്ക് തന്നെയാണ് പുതിയ ലിസ്റ്റിലെ നിയമനവും നീങ്ങുന്നത് എന്നാണ് കണക്ക്. ഫോറസ്റ്റ് ഡിപാർട്ട്മെൻ്റിലും യൂണിവേഴ്സിറ്റി ഡ്രൈവർ കം ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലും എല്ലാം സ്ഥിതിയ്ക്ക് ഒരു വ്യത്യാസവുമില്ല.
'റാങ്ക് ലിസ്റ്റ് വന്നിട്ട് ആറ് മാസമാകുകയാണ്. പിഎസ്സി ആദ്യമായിട്ട് വിളിക്കുന്ന പോസ്റ്റാണ്. 135 ഓളം വേക്കൻസികൾ ഉണ്ടായിട്ട് പോലും വെറും 39 വേക്കൻസികൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അവിടെയെല്ലാം താത്കാലിക ജീവനക്കാർ ഉണ്ടാകാം'; യൂണിവേഴ്സിറ്റി ഡ്രൈവർ കം ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലെ പിഎസ്സി റാങ്ക് ലിസ്റ്റിൽപ്പെട്ട എ കെ അജേഷ് പറയുന്നു.
നിരവധി ഉദ്യോഗാർത്ഥികൾ ഉൾപ്പെടാത്ത, ആരും ശ്രദ്ധിക്കാതെ പോകുന്ന റാങ്ക് ലിസ്റ്റുകൾ നിരവധിയാണ്. താത്കാലിക ജീവനക്കാരെ കുത്തി നിറയ്ക്കാനാണ് സർക്കാരിനും രാഷ്ട്രീയ നേതാക്കൾക്കും താത്പര്യമെന്നാണ് ഇവരുടെയെല്ലാം വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.