കോഴിക്കോട്: കോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ തേടിയത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട് ആയി.
പയ്യോളി നഗരസഭയിലുള്ള കാട്ടും കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എട്ട് വയസുകാരൻ കുളിച്ച ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച വിദ്യാർത്ഥിക്കും ഇന്നലെ പുതുതായി ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രണ്ട് കുട്ടികളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന 12 വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമാണ്. ഡോക്ടർമാരുടെ സംഘം പ്രത്യേക നിരീക്ഷണം തുടരുന്നുണ്ട്. കഴിഞ്ഞ 16ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു. തുടർന്നാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനി, ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് ചികിൽസ തേടിയത്.
മംഗളൂരുവിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അച്ചംകുളം ക്ലോറിനേഷൻ ചെയ്ത ശേഷം അടച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. അസുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.