തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റെ ഭാഷ ആരുടേതാണ് എന്നതിൽ സംശയമുണ്ടെന്നും ബിജെപി സർക്കാരിലെ ധനമന്ത്രിയുടെതാണോ പ്രതിപക്ഷ നേതാവിന്റെ ശബ്ദം എന്നും ദൃതരാഷ്ട്രരെപ്പോലെ പോലെയാണ് അദ്ദേഹം പെരുമാറുന്നത് എന്നും എംബി രാജേഷ് വിമർശിച്ചു. സംസ്ഥാനത്തിന് പണം കിട്ടാതിരുന്ന് കുഴയട്ടെ എന്നുള്ളതാണ് പ്രതിപക്ഷത്തിന് മനോഭാവമെന്നും കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധി അദ്ദേഹം കാണുന്നതേ ഇല്ല എന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ നൽകിയ മറുപടി പ്രസംഗത്തിലായിരുന്നു എക്സൈസ് മന്ത്രി കൂടിയായ എംബി രാജേഷ് പ്രതിപക്ഷ നേതാവിനെതിരെയും യുഡിഎഫിനെതിരെയും പ്രത്യാരോപണവുമായി രംഗത്തെത്തിയത്.
'പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുന്നു. ഈ സർക്കാരാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത്'. എംബി രാജേഷ് കൂട്ടിച്ചേർത്തു. പ്രാദേശിക റോഡുകൾ തകർന്നു കിടക്കുന്നു എന്നത് ശരിയാണ് എന്നും എന്നാൽ പരിഹരിക്കാൻ മന്ത്രി ഉദാസീനത കാണിക്കുന്നു എന്നത് തെറ്റാണെന്നും എംബി രാജേഷ് പറഞ്ഞു. ആ പ്രശ്നം ഗൗരവത്തോടെ സർക്കാർ കാണുന്നുണ്ട്. ഇടതും വലതും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കറിയാം. വലതാണെന്ന് പറയുന്നത് നാണക്കേടാണെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞെന്നും മന്ത്രിയുടെ പരിഹസിച്ചു.
മുഖ്യമന്ത്രിയെ ഒരു കോൺഗ്രസ് നേതാവ് വിളിച്ചത് 'അവൻ' എന്നാണ്. പ്രതിപക്ഷ നേതാവിനെ ഞങ്ങൾ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്, ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ മുഖ്യമന്ത്രി 'പരനാറി' എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു.
ലോകസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഉന്മാദം പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നുവെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ടി 20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെ പരാമർശിച്ചാണ് എംബി രാജേഷിന്റെ വിമർശനം. ടി 20 ഫൈനൽ മത്സരത്തിൽ അക്സർ പട്ടേലിന്റെ ഓവറിൽ 24 റൺ വഴങ്ങിയപ്പോൾ കളി തീർന്നു എന്ന് എല്ലാവരും കരുതിയെന്നും എന്നാൽ പിന്നാലെ വന്ന ബുംറ കളി ഇന്ത്യയുടെ വരുതിയിലാക്കിയെന്നും അത് കൊണ്ട് തന്നെ കളി തീർന്നുവെന്ന് പ്രതിപക്ഷം വിചാരിക്കരുത് എന്നും കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂവെന്നും എംബി രാജേഷ് പ്രതികരിച്ചു.
കലയെ കൊന്നതെന്ന് നിരന്തരമായ ഊമക്കത്ത്, പിന്നിൽ അനിലിന്റെ ബന്ധു? തിരോധാനത്തിന്റെ ചുരുളഴിയുന്നു