ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ; കാസർകോട്ടേക്ക് നീട്ടണമെന്ന് ആവശ്യം

റിപ്പോർട്ടർ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് താത്കാലിക ആശ്വാസമായെങ്കിലും റെയിൽവെ പുതിയ ട്രെയിൻ അനുവദിച്ചത്

dot image

കോഴിക്കോട്: ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. റിപ്പോർട്ടർ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് താത്കാലിക ആശ്വാസമായെങ്കിലും റെയിൽവെ പുതിയ ട്രെയിൻ അനുവദിച്ചത്.

ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിൻ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

മലബാർ മേഖലയിലെ ട്രെയിൻ ദുരിതത്തെക്കുറിച്ച് റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴായിരുന്നു റെയിൽവേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും.

നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസർകോട് പോകാനുള്ള സാധാരണ യാത്രക്കാർ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാണിപ്പോള് പരിഹാരമാകുന്നത്.

dot image
To advertise here,contact us
dot image