ഉറങ്ങാതെ പണിയെടുക്കാൻ എസ്ഐമാർക്ക് എസ്പിയുടെ 'തിട്ടൂരം'; ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന്

രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 10.30 ന് സ്റ്റേഷനിൽ ഹാജരാകാനാണ് എസ്ഐമാർക്ക് നിർദ്ദേശം

dot image

പത്തനംതിട്ട: രാത്രി ഡ്യൂട്ടിക്ക് പിന്നാലെ പകൽ ഡ്യൂട്ടിക്കും ഹാജരാകാൻ എസ്ഐമാർക്ക് എസ്പിയുടെ നിർദ്ദേശം. പോലീസുകാരുടെ ജോലിഭാരവും ആത്മഹത്യയുമെല്ലാം നിയമസഭയിൽ വരെ ചർച്ചയാകുന്നതിനിടയിലാണ് ഉറങ്ങാതെ പണിയെടുക്കാൻ എസ്ഐമാർക്ക് എസ്പിയുടെ ഈ 'തിട്ടൂരം'.

പത്തനംതിട്ടയിലാണ് പൊലീസുകാരോട് വിശ്രമമില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാൻ എസ്പിയുടെ നിർദ്ദേശമുണ്ടായത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 10.30 ന് സ്റ്റേഷനിൽ ഹാജരാകാനാണ് എസ്ഐമാർക്ക് നിർദ്ദേശം. 11 മുതൽ പുലർച്ചെ 5 മണിവരെയാണ് രാത്രി ഡ്യൂട്ടിയുടെ സമയം. ഇതിന് ശേഷമാണ് മതിയായ വിശ്രമം പോലും നൽകാതെ പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ മേധാവിയുടെ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

2017ൽ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ ഉത്തരവിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞാൽ എസ് ഐ മാർക്ക് 11 മണിക്കൂർ വിശ്രമം നൽകണമെന്ന് നിർദ്ദേശമുണ്ട്. പകരം സംവിധാനം പൊലീസ് മേധാവികൾ തന്നെ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ ഉത്തരവ് പൂർണമായും കാറ്റിൽപ്പറത്തിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഈ വിചിത്ര നിർദ്ദേശം.

കഴിഞ്ഞ ദിവസം പൊലീസുകാരുടെ അമിതജോലിഭാരം നിയമസഭയിൽ പി സി വിഷ്ണുനാഥ് അവതരിപ്പിച്ചിരുന്നു. പൊലീസുകാരുടെ നരക ജീവിതം തുടരുകയാണെന്ന് പറഞ്ഞ വിഷ്ണുനാഥ് എട്ട് മണിക്കൂർ ജോലി അവർക്കിനിയും സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് സഭയിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ 118 പൊലീസുകാർ ആവശ്യമാണ്. എന്നാൽ വെറും 44 പോലീസുകാരാണ് 118 പൊലീസുകാരുടെ ജോലി ചെയ്യുന്നത്. പൊലീസിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽ തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി സി വിഷ്ണുനാഥ് എംഎൽഎ ചൂണ്ടികാട്ടിയിരുന്നു.

കളമശ്ശേരി എആര് ക്യാമ്പിലെ ഡ്രൈവര് സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും എംഎൽഎ സഭയിൽ വായിച്ചു. 'നന്നായി പഠിക്കണം, പൊലീസിൽ അല്ലാതെ ജോലി നേടണം, അമ്മയെ നോക്കണം' എന്നുള്ള ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളും എംഎൽഎ എടുത്തു പറഞ്ഞു.

പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടിയും നൽകി. 'ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗൺസിലിംഗ്, യോഗ തുടങ്ങിയവ സേനയിൽ നടത്തിവരികയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് നടത്തിവരുന്നുണ്ട്. അർഹമായ ലീവുകൾ നൽകുന്നതിന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്. സേനാംഗങ്ങളുടെ പരിശീലന കാലയളവിൽ തന്നെ സാമ്പത്തിക അച്ചടക്കത്തെ സംബന്ധിച്ച് പരിശീലനം നൽകുന്നുമുണ്ട്'; മുഖ്യമന്ത്രി പറഞ്ഞു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us