
കൊച്ചി: ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നതിനിടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കൊച്ചിയിൽ 25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദര് പറഞ്ഞു. സിബിഐ ,ഇഡി ഉദ്യോഗസ്ഥര് വേഷം ചമഞ്ഞുള്ള തട്ടിപ്പ് കരുതിയിരിക്കണമെന്നും അപരിചിതരുടെ അക്കൗണ്ടില് പണം നിക്ഷേപിക്കരുതെന്നും കമ്മീഷണര് മുന്നറിയിപ്പ് നല്കി.
പല ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് സംസ്ഥാനത്ത് 2024ൽ മാത്രം പൊലീസിന് ലഭിച്ചത് 400 ഓളം പരാതികളാണ്. വ്യാജ ഷെയര് ട്രേഡിംഗ് ആപ്പ് വഴി കൊച്ചിയിലെ ഐ ടി കമ്പനിയുടമയ്ക്ക് നഷ്ടമായത് ഏഴ് കോടി രൂപയാണ്. ഇന്ഫോപാര്ക്ക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. സമാന രീതിയില് നോര്ത്ത് പൊലീസ് സ്റ്റേഷനില് അഞ്ച് കോടിയുടെയും മരട് സ്റ്റേഷനില് ആറ് കോടിയുടേയും സെന്ട്രല് സ്റ്റേഷനില് മൂന്നരക്കോടിയുടേയും തട്ടിപ്പുകേസുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്ദേശവുമായി കൊച്ചി സിറ്റി പൊലീസ് രംഗത്തെത്തിയത്.
നാല്പ്പത് ശതമാനത്തോളം കേസുകളില് പ്രതികളെ അറസ്റ്റ് ചെയ്യാന് കഴിഞ്ഞുവെന്നും പരാതിക്കാര്ക്ക് നഷ്ടമായ തുകയില് 40 ശതമാനത്തോളം വീണ്ടെടുക്കാനായെന്നും കമ്മീഷണര് അറിയിച്ചു. ഓണ്ലൈന് തട്ടിപ്പിനിരയാകുന്നവര് 1930 എന്ന ടോള് ഫ്രീനമ്പറിൽ ഉടനടി ബന്ധപ്പെടണമെന്നും കമ്മീഷണര് നിർദേശം നൽകി. ഇതരസംസ്ഥാനക്കാരാണ് ഇത്തരം തട്ടിപ്പുകള്ക്ക് നേതൃത്വം നല്കുന്നതെന്നും വ്യാജവായ്പാ ആപ്പുകള് ഉള്പ്പടെയുള്ള തട്ടിപ്പിനിരയാകാതിരിക്കാന് ജനങ്ങള് ജാഗ്രത പാലിക്കണമെന്നും കമ്മീഷണര് പറഞ്ഞു.
പാസഞ്ചർ ട്രെയിൻ എത്തി, പാതി ആശ്വാസം; ഉത്തര മലബാറിലെ യാത്രാദുരിതം എന്ന് അവസാനിക്കും?