കൊച്ചി: വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില് വിളിച്ച് നന്ദി അറിയിച്ച് അബ്ദുല് റഹീം. ഒരുപാട് നന്ദിയുണ്ട്. തനിക്കുവേണ്ടി ചെയ്ത സഹായങ്ങള് മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്ത്ഥിക്കുമെന്നും നേരില് കാണാമെന്നും റഹീം പറഞ്ഞു. സൗദിയില് നിന്നുള്ള റഹീമിന്റെ ഫോണ് കോള് സംഭാഷണം ഇന്സ്റ്റഗ്രാമിലൂടെ ബോബി ചെമ്മണ്ണൂര് പങ്കുവെച്ചു.
തനിക്ക് നന്ദി പറയേണ്ട ആവശ്യമില്ല സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്ന് ബോബി ചെമ്മണ്ണൂര് അബ്ദു റഹീമിന് മറുപടി നല്കി. ലക്ഷക്കണക്കിനാളുകളാണ് റഹീമിന്റെ മോചനത്തെ കുറിച്ച് അറിയാന് കാത്തിരുന്നത്. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. 18 വര്ഷം മുമ്പ് ചെയ്യാന് ആഗ്രഹിച്ച കാര്യങ്ങള് ഇനി ചെയ്യണമെന്നും ബോബി ചെമ്മണ്ണൂര് പറഞ്ഞു. നാട്ടിലെത്തിയിട്ട് ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ നിക്കേണ്ട. ബിസിനസ്പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്ന് ബോച്ചെ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയ ശേഷം മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനില് കോടതിയാണ് അബ്ദുറഹീമിന്റെ വധ ശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്. ഇന്നലെ ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി, സാമൂഹിക പ്രവർത്തകനായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി.
രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. ഇന്ത്യൻ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ഏകേദശം 34 കോടി ഇന്ത്യൻ രൂപയുടെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറുകയും ചെയ്തു.
ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ഇന്നലെ ഉച്ചയോടെയാണ് കുടുംബം റഹീമിന് മാപ്പ് നൽകാമെന്ന് കോടതിയിൽ എത്തി അറിയിച്ചത്. അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന് റിയാല് കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്.
കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല് വീട്ടില് അബ്ദുറഹീം തന്റെ 26ാം വയസ്സില് 2006ലാണ് ഹൗസ് ഡ്രൈവര് വിസയില് റിയാദില് എത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര് 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില് യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള് ട്രാഫിക് സിഗ്നല് കട്ട് ചെയ്യാന് ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന് ശ്രമിച്ചപ്പോള് അബദ്ധത്തില് കൈ കഴുത്തിലെ ഉപകരണത്തില് തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില് ഇരുവരും ചേര്ന്ന് കള്ളക്കഥയുണ്ടാക്കി.
റഹീമിനെ സീറ്റില് കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്, പൊലീസിന്റെ ചോദ്യം ചെയ്യലില് സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില് എടുക്കുകയും ചെയ്തു. പത്ത് വര്ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്ഷമായി അല്ഹായിര് ജയിലില് തുടരുകയാണ്. റഹീമിന് നിയമ സഹായം നല്കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള് അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.