കൊച്ചി: എല്ഡിഎഫിന്റെ അടിത്തറയില് നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന് ധനമന്ത്രിയുമായ തോമസ് ഐസക്. പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയത്?, ഉറച്ച വോട്ടുകളാണോ ഫ്ളോട്ടിംഗ് വോട്ടുകളുടെ സ്വഭാവത്തിലുള്ളവയാണോ ഈ മാറ്റം എന്നടക്കമുള്ള വിഷയങ്ങള് പഠനത്തിന് വിധേയമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
എല്ലാ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ഉയര്ന്നിട്ടുണ്ട്. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യല്മീഡിയ കൂട്ടായ്മകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി, സംസ്ഥാന സര്ക്കാര് 25-40 ശതമാനം തുക മുതല്മുടക്കുന്ന കേന്ദ്രാവിഷ്കൃത സ്കീമുകള്പോലും കേന്ദ്രത്തിന്റേതായി ബ്രാന്ഡ് ചെയ്യാനുള്ള ശ്രമം നടത്തി, അഴിമതിയിലൂടെയും ഇലക്ടറല് ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വര്ദ്ധിപ്പിക്കുന്നതിനു വേണ്ടി ബിജെപി ഉപയോഗപ്പെടുത്തി തുടങ്ങിയ കാര്യങ്ങളും തോമസ് ഐസക് ചൂണ്ടികാട്ടി.
തിരഞ്ഞെടുപ്പ് തോല്വിയുടെ അടിസ്ഥാനത്തില് പിണറായി സര്ക്കാരിന്റെ മുന്ഗണനകളില് തിരുത്തല് വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് മുന്പില്ലാത്ത വിധമാണ് ക്ഷേമ പെന്ഷന് ആനുകൂല്യങ്ങളില് വര്ധന വരുത്തിയത്. വിവിധ വികസന മേഖലകൡ പദ്ധതികള് ഏറ്റെടുക്കാന് ശ്രമിക്കുമ്പോള് നിര്ധനരുടെ ആനുകൂല്യങ്ങള് കുടിശികയാവും. അപ്പോള് നിര്ധനര്ക്ക് ആനുകൂല്യങ്ങള് നല്കുന്നതിനാണ് പ്രഥമ പരിഗണന നല്കേണ്ടതെന്നായിരുന്നു തോമസ് ഐസക് ചൂണ്ടികാട്ടിയത്.