മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹം; പിണറായി വിജയനെതിരെ എഐഎസ്എഫ്

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ എഐഎസ്എഫ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്നായിരുന്നു എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് ഫേസ്ബുക്കിൽ കുറിച്ചത്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നില്ലെന്നും രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുകയാണെന്നും രാഹുൽരാജ് വിമർശിച്ചു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണമെന്നും ഇല്ലെങ്കിൽ ഇക്കാര്യത്തിൽ വലിയവില ഇടതുപക്ഷത്തിന് നൽകേണ്ടി വരുമെന്നും ആർ.എസ് രാഹുൽരാജ് ഫേസ്ബുക്കിൽ കുറച്ചു. ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണെന്ന് വ്യക്തമാക്കിയ എഐഎസ്എഫ് ഇത് വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

നേരത്തെ കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ അക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ചിരുന്നു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.

'എസ്എഫ്ഐയുടെ വളർച്ച പടിപടിയായി ഉണ്ടായത്. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല എസ്എഫ്ഐ വളർച്ച. നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനത്തെ താറടിച്ചു കാട്ടേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാം. പാടില്ലാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കേണ്ടത് ഞങ്ങളുടെ പണിയല്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റെന്നു തന്നെ പറയും. തെറ്റുകൾ തിരുത്തിച്ചിട്ടുണ്ട്. അതാണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യേകത. പഠിക്കുന്ന വിദ്യാർത്ഥികൾ അല്ലേ, പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. കാമ്പസുകളിലെ വിദ്യാർത്ഥി സംഘർഷം ദൗർഭാഗ്യകരം. സംഘർഷം തടയാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനങ്ങളും ഇടപെടണം. സങ്കുചിത താല്പര്യത്തോടെ കണ്ട് ഒരു പ്രസ്ഥാനത്തെ താറടിക്കാൻ തത്രപ്പാട് കാണിക്കരുത്. അത് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കാനെ ഉപകരിക്കു'വെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

ഫാസിസ്റ്റ് കഴുകകൂട്ടങ്ങൾ എന്നാണ് സിപിഐയുടെ മുഖപത്രമായ ജനയുഗം പോലും എസ്എഫ് ഐയെക്കുറിച്ച് എഴുതിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു. എസ്എഫ്ഐയുടെ മർദ്ദനമേറ്റ് ദിവസങ്ങളോളം എഐഎസ്എഫുകാരൻ ആശുപത്രിയിൽ കഴിഞ്ഞുവെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻകുബലേറ്ററിൽ വിഹരിക്കുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്ഐയെന്നും അവർ നിങ്ങളെയും കൊണ്ടേ പോകൂവെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. എസ്എഫ്ഐയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിലേക്ക് പോകുന്നു. ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us