കേരള മുസ്ലിങ്ങളുടെ സമ്പൂര്ണ ചരിത്രം ഇനി ഡിജിറ്റല് രൂപത്തില്

ചേരമാന് പെരുമാള് ഇസ്ലാമിക ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ജൂലൈ 6 ന്

dot image

തൃശ്ശൂര്: കേരളത്തിലെ മുസ്ലിങ്ങളുടെ സമ്പൂര്ണ ചരിത്രം ഇനി ഡിജിറ്റല് രൂപത്തില്. ചേരമാന് പെരുമാള് ഇസ്ലാമിക ഹെറിറ്റേജ് മ്യൂസിയമാണ് കേരളീയ മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര ചരിത്രത്തെ ഡിജിറ്റല് രൂപത്തിലാക്കി മാറ്റിയത്. ചരിത്രം, മതവിജ്ഞാനം, സാഹിത്യം, ആചാരങ്ങള്, കലകള്, ഭക്ഷണം എന്നീ വിഷയങ്ങളെ സംബന്ധിക്കുന്ന രേഖകള്, ദൃശ്യങ്ങള്, പാട്ടുകള്, ശബ്ദ രേഖകള് തുടങ്ങിയവയുടെ വലിയ ശേഖരമാണ് ചേരമാന് പെരുമാള് ഇസ്ലാമിക ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഭാഗമായുള്ള ഡിജിറ്റല് ആര്ക്കൈവ്സ്.

കേരളത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവ സംബന്ധിച്ച രേഖകള് ശേഖരിക്കുക, അത് അക്കാദമിക് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന വിദ്യാര്ത്ഥികള്ക്കും സര്വ്വകലാശാലകള്ക്കും ഉപയോഗിക്കാന് കഴിയുന്ന തരത്തില് ലഭ്യമാക്കുക എന്ന താത്പര്യത്തോടെയാണ് 2013-ല് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

കേരള മുസ്ലിം ചരിത്ര പഠനത്തിന് മുതല്ക്കൂട്ടായ ഈ ഡിജിറ്റല് ശേഖരത്തിന്റെ നിര്മ്മാണം പ്രൊഫ. എം എച്ച്. ഇല്യാസ്, ഡോ. പി എ മുഹമ്മദ് സെയ്ദ്, അഷറഫ് കടക്കല്, ഡോ. സി.ആദര്ശ്, എസ് ജാസിമുദ്ധീന്, വി വിമല്കുമാര്, ടി.പി. ശബ്ന തുങ്ങിയവരടങ്ങുന്ന അക്കാദമിക സംഘത്തിന്റെ മേല്നോട്ടത്തില്, ഏകദേശം അഞ്ച് വര്ഷത്തിലേറെ സമയമെടുത്താണ് പൂര്ത്തീകരിച്ചത്.

മാപ്പിള ചരിത്രകാരനായ എ ടി യൂസഫലിയുടെ സഹായത്താല് സംസ്ഥാന സര്ക്കാരിന്റെ ഡിജിറ്റല് ഇമേജിങ് സ്ഥാപനമായ സിഡിറ്റിന്റെ സഹകരണത്തോടെയാണ് ഈ രേഖകളുടെ ഡിജിറ്റലൈസേഷനും ഓഡിയോ വീഡിയോ റിക്കോര്ഡിങും സാധ്യമാക്കിയത്. നിലവില് ഇത് ഇ-ബുക്ക് രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇത്തരത്തില് കേരളത്തില് തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന ഈ ബൃഹത് ശേഖരത്തില് ഏതാണ്ട് എണ്പത്തി അയ്യായിരത്തില് പരം രേഖകളും, ആയിരത്തിലധികം ദൃശ്യങ്ങളും, മുന്നൂറില് പരം ചിത്രങ്ങളും, നൂറില്പരം ശബ്ദരേഖകളുമുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിലുള്ള പള്ളികള്, കുടുംബ/സ്വകാര്യ ശേഖരങ്ങള് തുടങ്ങിയവയില് നിന്നും നിന്ന് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത രേഖകളാണ് ഈ ശേഖരത്തില് ഭൂരിപക്ഷവും.

തലമുറകളായി ചില കുടുംബങ്ങള് കുടുംബങ്ങളില് സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്, തലമുറകള് പറഞ്ഞും പാടിയും പ്രചരിപ്പിച്ചിരുന്ന പാട്ടുകളും കിസകളും പള്ളികളുടേയും മദ്രസകളുടേയും ലൈബ്രറികളില് നിന്നുള്ള രേഖകള് എന്നിവയെല്ലാം ദീര്ഘകാലം നീണ്ടു നിന്ന ഗവേഷണങ്ങളിലൂടെ ശേഖരിച്ചു. ബ്രിട്ടീഷ് കാലത്ത് ഔദ്യോഗിക രേഖകള് പരിശോധനകള്ക്ക് വേണ്ടി അംശം അധികാരികളുടെ വീടുകില് പകര്പ്പ് നല്കുന്ന പതിവുള്ളതിനാല്, അത്തരത്തില് സൂക്ഷിക്കപ്പെട്ട രേഖകളും ലഭ്യമായിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ എടത്തോള ഭവനം, താനൂര് പൊന്നാനി പള്ളികള്, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്, അബ്ദുല് റഹിമാന് മുസ്ലിയാര്, പാണ്ടിക്കാട് സൈദാലിക്കുഞ്ഞന്, യൂസഫലി, വി എം കുട്ടി, കൊണ്ടോട്ടി കെ ടി റഹ്മാന് തങ്ങള്, എറണാകുളത്തെ ടിഎം സുഹറ തുടങ്ങിയവരുടെ സ്വകാര്യ ശേഖരങ്ങള് എന്നിവിടങ്ങളില് നിന്നാണ് കൂടുതല് രേഖകളും ലഭ്യമായത്. ഈ അപൂര്വ്വ രേഖകള് പൊതു ഉപയോഗത്തിനായി നല്കിയ വ്യക്തികളെ മുസിരിസ് പൈതൃക പദ്ധതി ആദരിക്കുകയും അവര്ക്ക് സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു.

അറബി, അറബി-മലയാളം, പേര്ഷ്യന്, മലയാളം ഭാഷകളിലാണ് ഈ രേഖകള് എഴുതപ്പെട്ടിട്ടുള്ളത്. കേരളത്തിലെ മുസ്ലിങ്ങളുടെ ചരിത്രം, കടല് വ്യാപാരം, സാഹിത്യം, സംഗീതം, മതവിജ്ഞാനം, സൂഫി പാരമ്പര്യം, ചികിത്സാ രീതികള്, സാങ്കേതിക വിദ്യകള്, മാപ്പിള കലാപം, പ്രവാസം തുടങ്ങിയവയായാണ് രേഖകളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്. ശബ്ദരേഖകളില് അധികവും മാപ്പിളപ്പാട്ടുകളാണ്. ആദ്യകാല ഗള്ഫ് പ്രവാസികളുടെ അപൂര്വം ചിത്രങ്ങളും ശേഖരത്തിലുണ്ട്. അറബി മലയാളം, അറബി, പേര്ഷ്യന് ഭാഷകളിലുള്ള കൃതികളുടെ /രേഖകളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കുകയും മഹാത്മാഗാന്ധി സര്വ്വകലാശാലയുടെ ലൈബ്രറേറിയനായ വി. വിമല്കുമാറിന്റേയും ലൈബ്രറി സയന്സ് വിദ്യാര്ത്ഥികളുടെയും സഹായത്തോടെ കാറ്റലോഗ് ചെയ്യുകയും ഇന്ഡെക്സ് ചെയ്യുകയും ചെയ്തു.

കേരള മുസ്ലീം സമൂഹത്തിന്റെ സാംസ്കാരിക മത/ജീവിതവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ സമാഹരണവും ഇതോടൊപ്പം ഇതേ അക്കാദമിക് സംഘത്തിന്റെ മേല്നോട്ടത്തില് നടന്നിട്ടുണ്ട്. കലാരൂപങ്ങള്, ആചാരങ്ങള്, ലൈഫ് സൈക്കിങ് ഈവെന്റ്സ്, പലതരം വസ്ത്രങ്ങള്, മാമൂലുകള്, ഉത്സവങ്ങള്, ഭക്ഷണങ്ങള് എന്നിങ്ങനെ കേരളത്തിന്റെ മുസ്ലീം ജീവിതവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള് ഇക്കാലയളവില് ചിത്രീകരിക്കുകയും രേഖകളാക്കി മാറ്റുകയും ചെയ്തു.

കാസര്ഗോഡ് മുതല് ആലപ്പുഴ വരെയുള്ള വിവിധ പ്രദേശങ്ങളിലെ മുസ്ലീം ജീവിതമാണ് ഇത്തരത്തില് നാല് വര്ഷത്തിനടില് ദൃശ്യവത്കരിച്ചത്. വിവിധ ജില്ലകളില് വിവിധ കാലങ്ങളില് പണി കഴിക്കപ്പെട്ട മുസ്ലീം പള്ളികള്, ഇസ്ലാമിക് വാസ്തുവിദ്യയുടെ നിദാനമെന്ന നിലയില് ചിത്രീകരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള് ഷോര്ട്ട് വീഡിയോകളായി എഡിറ്റ് ചെയ്ത് ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തില് പ്രദര്ശിപ്പിക്കുക, അക്കാദിക് ഉപയോഗത്തിനുള്ള റഫറന്സായി ഉപയോഗിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

ഇതുപോലെ തന്നെ പലതരത്തിലുള്ള/പല കാലങ്ങളില് പ്രചരിച്ചിരുന്ന മാപ്പിളപാട്ടുകള് ആളുകളെ കൊണ്ട് പാടിപ്പിച്ച് റിക്കോര്ഡ് ചെയ്യകയും പലരുടേയും സ്വകാര്യ ശേഖരങ്ങളില് നിന്ന് പകര്പ്പെടുക്കുകയും ചെയ്തു. നാല്പ്പത്തിയഞ്ചോളം പള്ളികളില് നിന്ന് ബാങ്ക്വിളികള്, പ്രാര്ത്ഥനകള് മുതല് പല വിധത്തിലുള്ള മുസ്ലീം ജീവിതവും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങളും ഈ സംരംഭത്തിന്റെ ഭാഗമായി റിക്കോര്ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില് ലിഖിത രേഖകള്, ദൃശ്യങ്ങള്, ശബ്ദങ്ങള് എന്നിവ ചേര്ന്ന് സൃഷ്ടിക്കുന്ന ഒരു സഞ്ചിത സംസ്കാരത്തെയാണ് ഈ പദ്ധതി സമാഹരിച്ചിട്ടുള്ളത്. ഡിജിറ്റല് ആര്ക്കൈവ്സിന്റെ ഉദ്ഘാടനം ജൂലൈ 6 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്വഹിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us