അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്

dot image

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്.

കഴിഞ്ഞ മാസവും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു പെൺകുട്ടി മരിച്ചിരുന്നു. കണ്ണൂര് തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള് ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണകാരണം അത്യപൂര്വ്വ അമീബയെന്നായിരുന്നു പരിശോധനാ ഫലം.

അതേസമയം, രോഗം സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നല്കിയിരുന്നു. മൂക്കിനെയും മസ്തിഷ്കത്തേയും വേര്തിരിക്കുന്ന നേര്ത്ത പാളിയില് അപൂര്വമായുണ്ടാകുന്ന സുഷിരങ്ങള് വഴിയോ കര്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്സെഫലൈറ്റിസിസ് ഉണ്ടാവുകയും ചെയ്യുന്നത്. അതിനാല് ചെവിയില് പഴുപ്പുള്ള കുട്ടികള് കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന് പാടില്ലെന്നും നിര്ദേശമുണ്ട്. രോഗലക്ഷണങ്ങള് കണ്ടാല് ഉടന് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില് സംസാരിക്കവേ മന്ത്രി അഭ്യര്ത്ഥിച്ചിട്ടുണ്ട്.

എന്താണ് അമീബിക് മെനിഞ്ചോ എന്സെഫലൈറ്റിസ്?

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില് വളരെ അപൂര്വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്സെഫലൈറ്റിസ്. ഈ അപൂര്വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്ക്കത്തില് വന്ന 10 ലക്ഷത്തോളം പേരില് 2.6 പേരില് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില് ജീവിക്കുന്ന അമീബ മൂക്കിലെ നേര്ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില് കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില് സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്പ്പെട്ട രോഗാണുക്കള് മൂക്കിലെ നേര്ത്ത സുഷിരങ്ങള് വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില് കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങള്

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല് ഒന്പത് ദിവസങ്ങള്ക്കുള്ളിലാണ് രോഗലക്ഷണങ്ങള് ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്ദി, കഴുത്ത് തിരിക്കാന് ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്. പിന്നീട് ഗുരുതരാവസ്ഥയില് എത്തുമ്പോള് അപസ്മാരം, ബോധക്ഷയം, ഓര്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില് നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്ണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില് കുളിക്കുന്നവര് ഈ രോഗ ലക്ഷണങ്ങള് കണ്ടാല് ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പ്രതിരോധ നടപടികള്

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില് കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല് കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള് കണ്ടാല് അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില് ക്ലോറിനേറ്റ് ചെയ്ത നീന്തല് കുളങ്ങളില് കുട്ടികള് കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us