തിരുവനന്തപുരം: കുവൈത്തിലെ മംഗഫ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് 1.2 കോടി രൂപ നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള് സംബന്ധിച്ച് നോര്ക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ലുലു ഗ്രൂപ്പ് മേഖല ഡയറക്ടര് ജോയ് ഷഡാനന്ദന്, നോര്ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരിക്ക് തുക കൈമാറി.
50 പേര് കൊല്ലപ്പെട്ട മംഗഫ് ക്യാമ്പിലെ തീപിടിത്തത്തില് 15 പേരാണ് കസ്റ്റഡിയിലുള്ളത്. എട്ട് കുവൈറ്റി പൗരന്മാര്, മൂന്ന് ഇന്ത്യക്കാര്, നാല് ഈജിപ്തുകാരനുമാണ് കേസില് അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് തൊഴിലാളികള് ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാന് കാരണമായത്.