'വെള്ളാപ്പള്ളിയോട് സിപിഐഎം കാട്ടിയ സഹിഷ്ണുത തിരികെ കിട്ടിയില്ല'; കായംകുളത്തെ തിരിച്ചടിയിൽ വിമർശനം

മേഖലാ റിപ്പോർട്ടിങ്ങിലാണ് കായംകുളത്തെ പരാജയത്തിൽ എംവി ഗോവിന്ദൻ്റെ വിമർശനം

dot image

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാമതെത്തിയ കായംകുളത്ത് വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടിയുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. മേഖലാ റിപ്പോർട്ടിങ്ങിലാണ് കായംകുളത്തെ പരാജയത്തിൽ എംവി ഗോവിന്ദൻ്റെ വിമർശനവും പരാമർശവും.

എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സിപിഐഎം കാട്ടിയ സഹിഷ്ണുത പാർട്ടിക്ക് തിരികെക്കിട്ടിയില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമ്മർദ്ദമുള്ളത് കൊണ്ടാകും ബിജെപിയെ അനുകൂലിച്ച് വെള്ളാപ്പള്ളി പ്രസ്താവന നടത്തിയത്. വെള്ളാപ്പള്ളിയെ ആർഎസ്എസ് - ബിജെപി പാളയത്തിൽ കെട്ടാൻ ചിലർ ശ്രമിക്കുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു.

കേരളത്തിൽ സിപിഐഎം പൂതലിച്ച അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മധ്യമേഖലാ റിപ്പോർട്ടിങ്ങിൽ പി ബി അംഗം എ വിജയരാഘവൻ വിമർശിച്ചിരുന്നു. സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന കേന്ദ്രകമ്മിറ്റി വിലയിരുത്തൽ പി ബി അംഗം പ്രകാശ് കാരാട്ടും അവതരിപ്പിച്ചു. പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണം. ബംഗാളിലും ത്രിപുരയിലും ഇതാണ് സംഭവിച്ചതെന്നും ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നുമാണ് ഇന്നലെ ഉയർന്ന വിമർശനം.

ചൊവ്വാഴ്ച ആദ്യ മേഖല യോഗം കണ്ണൂരില് നടന്നിരുന്നു. യോഗത്തില് പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവര് പങ്കെടുത്തിരുന്നു. കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വളര്ച്ച ഗൗരവത്തോടെ കാണണമെന്നുമാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്.

പെന്ഷന് മുടങ്ങിയത് തിരഞ്ഞെടുപ്പില് തിരിച്ചടിയായെന്ന് കണ്ണൂരിൽ പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞിരുന്നു. മുസ്ലിം വോട്ടുകള് ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്ട്ടി നേതൃത്വം ജനങ്ങളില് നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല് ബൂത്ത് തലത്തില് നിന്ന് തുടങ്ങണം. പാര്ട്ടി കേഡര്മാര് സ്വയം വിമര്ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു. എസ്എഫ്ഐക്കെതിരെയും സംസ്ഥാന സെക്രട്ടറി വിമര്ശനം ഉന്നയിച്ചിരുന്നു. എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള് തെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് വോട്ട് കുറയാന് കാരണമായി. എസ്എഫ്ഐ നേതാക്കളുടെ പെരുമാറ്റം നന്നാക്കണമെന്നും എം വി ഗോവിന്ദന് വിമര്ശിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us