തൃശൂർ: കേരളത്തിലെ ക്രൈസ്തവസമൂഹം സംസ്ഥാന സർക്കാരിൽനിന്ന് കടുത്ത വിവേചനം നേരിടുന്നതായി തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്റെ ചെയർമാൻ സ്ഥാനത്തേയ്ക്ക് ക്രൈസ്തവ സമുദായത്തിൽപ്പെട്ടവരെ പരിഗണിക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
കളക്ടറേറ്റിലേക്ക് തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷ അനുകൂല്യവിതരണത്തിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ നടപടി ക്രൈസ്തവർക്കെതിരെയുള്ള വിവേചനത്തിന്റെ ഉദാഹരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചെയർമാൻ സ്ഥാനത്തേയ്ക്ക് ക്രൈസ്തവ സമുദായത്തിൽപ്പെട്ട ഒരാളെ പോലും പരിഗണിച്ചിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ് ജെ ബി കോശി കമ്മിഷൻ രൂപീകരിച്ചത്. എന്നാൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷമായിട്ടും അവ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ റിപ്പോർട്ട് ഉടൻ വെളിച്ചംകാണണമെന്നും സഭയുമായി ചർച്ച ചെയ്ത് ശുപാർശകൾ നടപ്പിലാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ഇത് കൂടാതെ ദുക്റാനദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ക്രൈസ്തവരുടെ നീണ്ട കാലത്തെ ആവശ്യം നടപ്പിലാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.