പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്തെ സ്കൂളുകളിലെ രണ്ടംഗ കമ്മീഷന്റെ പരിശോധന ഇന്ന് പൂർത്തിയാവും

ഇന്ന് വൈകീട്ടോടെ ജില്ലയിൽ കുറവുള്ള പ്ലസ് വൺ സീറ്റുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും

dot image

മലപ്പുറം: സംസ്ഥാനത്ത് നിലനിൽക്കുന്ന സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ സ്കൂളുകളിലെ പരിശോധന ഇന്ന് പൂർത്തിയാവും. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാറും മലപ്പുറം അർഡിഡി ഡോ പി എം അനിലുമാണ് സ്കൂളുകളിൽ സന്ദർശനം തുടരുന്നത്.

പരിമിതികൾ കണ്ടെത്തിയ സ്കൂളുകളിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ടോടെ ജില്ലയിൽ കുറവുള്ള പ്ലസ് വൺ സീറ്റുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും. അതിന് ശേഷം വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകൾ സന്ദർശിച്ചതിനിടയിൽ വേങ്ങര ഗവ സ്കൂളിലെ വിദ്യാർഥികൾ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതും ചർച്ചയായിരുന്നു.

പല ഭാഗങ്ങളിലായി വലിയ രീതിയില് ഈ വിഷയത്തിൽ പ്രതിഷേധം ഉയരുകയാണ്. ഇത്തവണ 4,65,960 പേരാണ് പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചത്. മലബാറിൽ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറിൽ ആകെയുള്ള സർക്കാർ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അൺ എയ്ഡഡ് സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്താണ്. മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സർക്കാർ എയ്ഡഡ് മേഖലയിൽ ഉള്ളത് 52,600 സീറ്റുകൾ മാത്രമാണ്. ഇതിന് പുറമെ 11,300 അൺ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകൾ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള വിഎച്ച്എസി, ഐടിഐ, പോളിടെക്നിക് സീറ്റുകൾ 4,800 മാത്രമാണ്. എല്ലാ സാധ്യതകൾ കൂട്ടിയാലും മലപ്പുറത്ത് 14,134 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമില്ല.

സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 6,630 അപേക്ഷകരാണ് ഇത്തവണ വർധിച്ചിരിക്കുന്നത്. മലബാറിൽ മാത്രം 5509 അപേക്ഷരാണ് വർധിച്ചിരിക്കുന്നത്. അപേക്ഷരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത് മലപ്പുറത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 1512 അപേക്ഷകളാണ് ഇവിടെ വർധിച്ചത്.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us