തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ആക്രിക്കടത്ത് സംബന്ധിച്ച് കൂടുതല് വിവരങ്ങള് പുറത്ത്. സെക്രട്ടറിയേറ്റില് നിന്ന് ആക്രി സാധനങ്ങള് എടുക്കാന് കരാര് എടുത്തയാളെ മുന്നറിയിപ്പില്ലാതെ മാറ്റിയ ശേഷമാണ് ആക്രി എടുക്കാന് ജീവനക്കാരനായ ബിനു തുടങ്ങിയതെന്നാണ് റിപ്പോര്ട്ടര് എസ്ഐടി ടീം അന്വേഷണത്തില് കണ്ടെത്തിയത്. ഇതിനായി വ്യാജ ഉത്തരവിറക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് വര്ഷത്തിനിടെ പതിനൊന്നര ലക്ഷം രൂപ സര്ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് നേരത്തെ കരാറെടുത്ത കൃഷ്ണകുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞു. പൊതുഭരണ വകുപ്പ് അഡീഷണല് സെക്രട്ടറി ഹണിയുടെ നേതൃത്വത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നുവെന്നും കൃഷ്ണകുമാര് പറഞ്ഞു.
2021 മാര്ച്ച് വരെ കൃഷ്ണകുമാറാണ് സെക്രട്ടറിയേറ്റില് നിന്ന് ആക്രി എടുത്തത്. പിന്നാലെ ഒന്നും പറയാതെ കൃഷ്ണകുമാറിനെ മാറ്റുകയായിരുന്നു. ആക്രി കിട്ടാതായതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്ക്ക് കൃഷ്ണകുമാര് പരാതി നല്കി. ആ അന്വേഷണവും എത്തിയത് അഡീഷണല് സെക്രട്ടറി ഹണിയുടെ കയ്യിലായിരുന്നു. കൃഷ്ണകുമാറിനെ ഒഴിവാക്കാനുള്ള മറുപടിയാണ് പരാതിയില് കിട്ടിയതെന്നും കൃഷ്ണകുമാര് പറയുന്നു. കൃഷ്ണകുമാറിനെ ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ബിനുവിന്റെ താല്കാലിക നിയമനം.