വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാർ; രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു

dot image

കൊച്ചി: തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഐഎമ്മിൻ്റെ മേഖലാ റിപ്പോർട്ടിങ്ങിന് പിന്നാലെ പരാജയത്തിൽ രൂക്ഷവിമർശനുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ വാക്കുകളെ ഉദ്ധരിച്ചാണ് തോമസ് ഐസക്കിൻ്റെ വിമർശനം. അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാമെന്ന വിമർശനമാണ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാനെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ഭരണത്തിൽ ഉയർന്നുവന്ന അഴിമതികളെയും സാമ്പത്തിക ആരോപണങ്ങളെയും ഗൗരവത്തില് കാണണമെന്നും ഐസക്കിൻ്റെ കുറിപ്പ് ഓർമ്മപ്പെടുത്തുന്നുണ്ട്. സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ടെന്ന് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

വോട്ടർമാരുടെ മനോഭാവത്തിൽ വന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന വിമർശനവും ഐസക്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പാർട്ടി വിലയിരുത്തൽ പാളിയതിൻ്റെ കാരണങ്ങളും ഐസക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'ഒന്നുകിൽ ജനങ്ങളെ മനസിലാക്കാൻ കഴിയുന്നില്ല. അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ് തുറക്കുവാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീർച്ച. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു' എന്നാണ് ഐസക്കിൻ്റെ വിലയിരുത്തൽ.

തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നും ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുൻനിൽക്കുന്നവർ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്. അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലവുമാണെന്നും ഐസക്ക് പറയുന്നു.

ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് മുകളിൽ തീരുമാനമെടുത്ത് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും പരിശോധിച്ച് രൂപം നൽകുന്നതിനാണു തീരുമാനിച്ചിട്ടുള്ളതെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us