തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടണണെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പ്രതികരിച്ച് ദിദി ഡബ്ല്യുസിസി. ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് നടന്നിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. സിനിമ പോളിസി എന്നു പറഞ്ഞ് പുറത്ത് വരുന്നതിൽ എപ്പോഴും അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പരാമർശിച്ചിട്ടിരുന്നില്ല. ഭാഗീകമായാണെങ്കിലും ഇത് പുറത്ത് വരുമെന്ന് പറയുന്നത് നല്ല കാര്യമായാണ് കാണുന്നതെന്നും ഡബ്ല്യുസിസി പ്രതിനിധി ദീദി ദാമോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇത്. എല്ലാവരുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ പുറത്ത് വരേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ടായിരുന്നു. അത് അവഗണിക്കുന്നു എന്നതിൽ ഞങ്ങൾക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ഏതായാലും ഭാഗീകമായാണെങ്കിലും പുറത്ത് വരുമെന്ന് പറയുന്നത് നല്ല കാര്യമായാണ് കാണുന്നത്.
സിനിമ പോളിസി എന്നു പറഞ്ഞ് പുറത്ത് വരുന്നതിൽ എപ്പോഴും അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പരാമർശിച്ചിട്ടില്ല. അത്തരം കാര്യത്തിന് വേണ്ടി ഒരു കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ റിപ്പോർട്ട് പുറത്തു വരുകയും ചെയ്യുന്നത് ഡബ്ല്യുസിസി എന്നല്ല ടാക്സ് അടയ്ക്കുന്ന എല്ലാവരുടെയും അവകാശമാണ് എന്നാണ് കരുതുന്നത്.
അത് മാറ്റി നിർത്താനോ ഒതുക്കി നിർത്താനോ സാധിക്കില്ല, പുറത്തു വരേണ്ടത് തന്നെയാണ്. കാര്യങ്ങൾ ഇത്രയൊക്കെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഇപ്പോൾ പോലും ലൊക്കേഷനുകളിൽ ഐസിസി ഇല്ല എന്നുള്ളത് ഒരു സത്യമാണ്. പലയിടത്തും പേരിനു വേണ്ടിയാണ് നടന്നു പോകുന്നത്. ഇത് സിനിമയിൽ പല നിലയിലും ജോലിയെടുക്കുന്ന സ്ത്രീകൾക്കൊക്കെ ഗുണകരമായുള്ള കാര്യമാണ്. ബാക്കി കാര്യങ്ങളും ഇതുപോലെ സൂക്ഷ്മതയോടെ വേണം നടത്താൻ.
വിലക്കപ്പെട്ട വിവരങ്ങള് ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നാണ് ഉത്തരവില് സംസ്ഥാന വിവരാവകാശ കമ്മീഷന് പറയുന്നത്. സിനിമാ മേഖലയില് വനിതകള് അനുഭവിക്കുന്ന പ്രശ്നങ്ങള് സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന് റിപ്പോര്ട്ട് തയ്യാറാക്കിയത്. അന്ന് മുതല് റിപ്പോര്ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്ന്നിരുന്നു. വിമന് ഇന് സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.
നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25 നകം റിപോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ഹേമ കമ്മീഷന് റിപ്പോർട്ട് പുറത്ത് വിടണം; ഉത്തരവുമായി വിവരാവകാശ കമ്മീഷന്