കൊച്ചി: സിഎംആര്എല്-എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജിയില് നിന്ന് ജി ഗിരീഷ് ബാബുവിന്റെ അഭിഭാഷകനെ ഹൈക്കോടതി ഒഴിവാക്കി. ഹര്ജിക്കാരനായ ജി ഗിരീഷ് ബാബു മരണപ്പെട്ടതിനാല് കക്ഷിയെ പ്രതിനിധീകരിക്കാന് അഭിഭാഷകന് അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. ഹര്ജി ഹൈക്കോടതിയില് നിലനില്ക്കെയായിരുന്നു ഗിരീഷ് ബാബു അന്തരിച്ചത്.
പിന്മാറിയ കേസില് ഒരു വാദവും ഉയര്ത്താന് അഭിഭാഷകന് അധികാരമില്ല. നീതി നിര്വ്വഹണത്തിന്മേലുള്ള ഇടപെടലാണ് കേസില് അഭിഭാഷകന്റെ പ്രാതിനിധ്യം. കേസില് കക്ഷിചേരണമെങ്കില് പ്രത്യേകം അപേക്ഷ നല്കണം. കക്ഷി ചേരാന് അഭിഭാഷകനെന്ന നിലയില് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന വിഷയത്തില് മാത്യൂ കുഴല്നാടന് എംഎല്എ നല്കിയ ഹര്ജി പരിഗണിച്ചപ്പോള് തന്നെയും കേള്ക്കണമെന്ന് ഗിരീഷ് ബാബുവിന്റെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു.
ജി ഗിരീഷ് ബാബു നല്കിയ ഹര്ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന് മാറ്റി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതാണ് നടപടി. നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിലെയും ഹര്ജിക്കാരനായിരുന്നു. നിരവധി അഴിമതിക്കേസുകളില് നിയമപ്പോരാട്ടം നടത്തിയിട്ടുള്ള ഗിരീഷ് ബാബു അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.