കോഴിക്കോട്: കെ സുധാകരൻ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് കൂടോത്രം നടത്തിയതെന്ന് അവ പുറത്തെടുത്ത തന്ത്രി റിപ്പോർട്ടറിനോട്. സുധാകരന്റെ ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും തന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.
'അദ്ദേഹത്തോട് അടുത്ത രാഷ്ട്രീയനേതാക്കന്മാർക്കെല്ലാം അറിയാം അടുത്ത ഇലക്ഷനിൽ ജയിച്ചാൽ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന്. അതുകൊണ്ട് സുധാകരനെ ശാരീരികമായി തളർത്തിയാൽ അത് ഒരു നേട്ടമാകുമല്ലോ. നിരന്തരം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോൾ സുധാകരൻ താന്ത്രിക പരിഹാരം ചെയ്യുകയായിരുന്നു', തന്ത്രി വെളിപ്പെടുത്തി. സുധാകരന് ശത്രുക്കൾ പാർട്ടിയുടെ അകത്തും പുറത്തുമുണ്ടല്ലോ എന്ന് പറഞ്ഞ തന്ത്രി കെ സുധാകരൻ നേരിട്ടല്ല, ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും ഇത്തരം ഘട്ടങ്ങളിൽ ആത്മീയ പരിഹാരം തേടുന്നത് സ്വാഭാവികമെന്നും കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപാണ് സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്. കെ സുധാകരനൊപ്പം രാജ്മോഹന് ഉണ്ണിത്താന് എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന് പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന് ബാക്കിയുണ്ടല്ലോയെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില് കേള്ക്കാം. തനിക്ക് കൂടോത്രത്തില് വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് നിര്ദേശവും നല്കുന്നുണ്ടായിരുന്നു.
അതേമയം 'കൂടോത്രം' വിവാദത്തില് കോണ്ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കി വിമര്ശിച്ചു. കൂടോത്രം ചെയ്യുന്നവര് ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്ലാല് നെഹ്റുവിന്റെയും പാര്ട്ടിയാണ് നമ്മുടേതെന്ന് ഓര്ക്കുന്നത് നല്ലതാണെന്നും അബിന് വിമര്ശിച്ചു.
കൂടോത്രം വയ്ക്കാന് എടുക്കുന്ന പണിയുടെ പകുതി പണി പാര്ട്ടിയില് എടുത്താല് നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലായിരുന്നു അബിന് വര്ക്കിയുടെ പ്രസംഗം.