കണ്ണൂർ: സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ കള്ളവോട്ട് ആക്ഷേപം തെറ്റെന്ന് യുഡിഎസ്എഫ്. ആക്ഷേപം ഉന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്തു. കള്ളവോട്ട് അല്ലെന്ന് തെളിഞ്ഞതിന്റെ ഭാഗമായാണ് വിദ്യാർത്ഥിനി വോട്ട് ചെയ്തത്. ആക്ഷേപം ഉന്നയിച്ച് ഇത്രയും നേരം തടഞ്ഞുവെച്ചെന്നും യുഡിഎസ്എഫ് നേതാക്കൾ പറഞ്ഞു. കള്ളവോട്ടെന്ന ആരോപണം, ആരോപണ വിധേയയായ വിദ്യാർത്ഥിനി കാഞ്ഞങ്ങാട് ഓർഫനേജ് അറബിക് കോളേജിലെ യുയുസി ഫാത്തിമ ഫർഹാന നിഷേധിച്ചു.
കെഎസ്യു - എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു എസ്എഫ്ഐ പ്രവര്ത്തകരുടെ ആരോപണം. സംഘര്ഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. കള്ളവോട്ട് ചോദ്യം ചെയ്തതിനാണ് യുഡിഎസ്എഫ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇരുകൂട്ടരും മുദ്രാവാക്യം വിളിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു. കെഎസ്യു - എംഎസ്എഫ് യുയുസിമാരുടെ തിരിച്ചറിയൽ രേഖ എസ്എഫ്ഐ തട്ടിയെടുത്തെന്ന് യുഡിഎസ്എഫ് നേതാക്കളും ആരോപിച്ചിരുന്നു.