'കോൺഗ്രസ് എന്നാൽ കൂടോത്രം, കൂടോത്രം എന്നാൽ കോൺഗ്രസ്'; നിയമസഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് ഭരണപക്ഷം

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആലസ്യത്തിലായിരുന്ന ഭരണപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ് കോൺഗ്രസിലെ കൂടോത്ര വിവാദം.

dot image

തിരുവനന്തപുരം: കോൺഗ്രസിനെ പിടിച്ചുലച്ച കൂടോത്ര വിവാദം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം. പ്രതിപക്ഷത്തെ പരിഹസിച്ചും കുത്തി നോവിച്ചുമാണ് ഭരണപക്ഷ അംഗങ്ങൾ ധനാഭ്യർത്ഥന ചർച്ചക്കിടെ വിഷയം അവതരിപ്പിച്ചത്. ചിലർ മാത്രം ഇതൊക്കെ ചെയ്യുന്നുവെന്ന പ്രചരണം ശരിയല്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നിരയിൽ നിന്ന് ടി സിദ്ധിഖ് പ്രതിരോധം തീർത്തെങ്കിലും ഭരണപക്ഷ എംഎൽഎമാർ ഒന്നടങ്കം പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്തെത്തുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആലസ്യത്തിലായിരുന്ന ഭരണപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ് കോൺഗ്രസിലെ കൂടോത്ര വിവാദം. ഈ സഭാ സമ്മേളനത്തിൽ മുഴുവൻ പ്രതിരോധത്തിലായിരുന്ന ഭരണപക്ഷം, കൂടോത്രത്തിൽ പ്രതിപക്ഷത്തെ വരിഞ്ഞു മുറുക്കിയെന്ന് വേണം പറയാൻ.

കൂടോത്രം വിവാദം പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്ന് എം എസ് അരുൺകുമാർ എം എൽ എ പറഞ്ഞു. കോൺഗ്രസ് എന്നാൽ കൂടോത്രം, കൂടോത്രം എന്നാൽ കോൺഗ്രസ് എന്ന നിലയിലേയ്ക്ക് മാറിയെന്നും അരുൺ കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടതിനെയും ഭരണപക്ഷം കൂടോത്രത്തിൽ കൂട്ടിക്കെട്ടി.

കെപിസിസി പ്രസിഡൻ്റിൻ്റെ വീട്ടിലെ കൂടോത്രം വാർത്ത കണ്ടുവെന്നും പ്രതിപക്ഷ നേതാവിന്റെ വാഹനം കാസർഗോഡ് അപകടത്തിൽപ്പെട്ടുവെന്നും ഇതുരണ്ടും ഒരു കാരണവശാലും ഞങ്ങൾ ചേർത്തു വായിക്കുന്നില്ലെന്നുമായിരുന്നു കെ എം സച്ചിൻ ദേവ് എംഎൽഎയുടെ പരിഹാസം. അങ്ങനെ ആരെങ്കിലും ചേർത്തു വായിച്ചിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

എന്നാൽ തങ്ങളെ പ്രതിരോധത്തിലാക്കാനുള്ള ഭരണപക്ഷത്തിന്റെ ഈ കൂടോത്രത്തെ മറികടക്കാനുള്ള ശ്രമം പ്രതിപക്ഷ നിരയിൽ നിന്നുണ്ടായി. കൂടോത്രം ആണെങ്കിലും നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ലെന്ന് പ്രതിപക്ഷ എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. ഈ നൂറ്റാണ്ടിൽ അതിനെ അംഗീകരിക്കാൻ കഴിയില്ല. സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലിത്. ചിലർ മാത്രം ഇതൊക്കെ ചെയ്യുന്നു എന്ന പ്രചരണം നടത്തുന്നു. പത്തനംതിട്ട നരബലി കേസിലെ പ്രതി സിപിഐഎം സജീവ പ്രവർത്തകനായിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിച്ച മന്ത്രി ഗേറ്റ് മാറ്റി സ്ഥാപിച്ചുവെന്നും സിദ്ദിഖ് തിരിച്ചടിച്ചു. കെ രാധാകൃഷ്ണനെ കൂടോത്രം ചെയ്ത് ഡൽഹിയിലേക്ക് അയച്ചുവെന്നും പ്രതിപക്ഷം മറുപടിയായി ആരോപിച്ചു. എന്നാൽ കെ രാധാകൃഷ്ണനെ കൂടോത്രം ചെയ്ത് അയച്ചതല്ല, ജനങ്ങൾ തിരഞ്ഞെടുത്തതാണെന്ന് സിപിഐഎമ്മിന്റെ എംഎൽഎ ഒ എസ് അംബിക മറുപടി നൽകി.

കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ വീട്ടുപറമ്പില് നിന്നാണ് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. അവശിഷ്ടങ്ങള് കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിരുന്നു. ഒന്നര വര്ഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോള് വീണ്ടും ചര്ച്ചയായിരിക്കുന്നത്. തകിടും ചില രൂപങ്ങളുമാണ് പുറത്തെടുത്തത്. വീഡിയോയിൽ ഒപ്പം രാജ്മോഹൻ ഉണ്ണിത്താൻ എംപിയെയും കാണാം.

കോണ്ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന് പെരിയ, രാജ് മോഹന് ഉണ്ണിത്താനെതിരെ ദുര്മന്ത്രവാദ ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാജ്മോഹന് ഉണ്ണിത്താന് ദുര്മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ബാലകൃഷ്ണന് പെരിയയുടെ ആരോപണം. എല്ലാ സ്ഥലത്തും ഉണ്ണിത്താന് ദുര്മന്ത്രവാദം ഉപയോഗിക്കുകയാണ്. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താന് മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന് പെരിയ ആരോപിച്ചിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

കൂടോത്രം ആണെങ്കിലും, നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ല: ടി സിദ്ദീഖ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us