കണ്ണൂര്: തില്ലങ്കേരിയില് കാറിന്റെ ഡിക്കിയിലിരുന്ന് യുവാക്കള് യാത്രചെയ്ത സംഭവത്തില് ഡ്രൈവറുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. കാറില് യാത്രചെയ്ത യുവാക്കള് രണ്ടുദിവസത്തെ സാമൂഹികസേവനം നടത്തണമെന്നും മോട്ടോര് വാഹനവകുപ്പ് നിര്ദേശിച്ചു. മൂന്ന് ദിവസത്തെ ബോധവത്കരണ ക്ലാസില് പങ്കെടുക്കാനും നിര്ദേശമുണ്ട്. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിന്റെ ഭാഗമായിട്ടാണ് യുവാക്കള് കാറിന്റെ ഡിക്കിയിലിരുന്ന് യാത്രചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത് ശ്രദ്ധയില്പ്പെട്ടതോടെ മോട്ടോര് വാഹനവകുപ്പ് നടപടി സ്വീകരിക്കുകയുമായിരുന്നു. വടകര സ്വദേശിയുടെ പേരിലായിരുന്നു വാഹനം. ഇയാളെയും കാറില് യാത്രചെയ്ത മറ്റുള്ളവരെയും മോട്ടോര് വാഹനവകുപ്പ് ഓഫീസില് വിളിച്ചുവരുത്തി. ഇതിനുപിന്നാലെയാണ് ഡ്രൈവറുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തത് അടക്കമുള്ള നടപടികള് സ്വീകരിച്ചത്.
യുവാക്കൾക്കെതിരെ അതിവേഗം നടപടി സ്വീകരിച്ചെങ്കിലും മറുവശത്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില് ഇതുവരെ നടപടിയെടുത്തിട്ടില്ല. നമ്പര് പ്ലേറ്റില്ലാത്ത വാഹനത്തില് യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാദമായതോടെ സോഷ്യല് മീഡിയയില് നിന്ന് വീഡിയോ ആകാശ് തില്ലങ്കേരി പിന്വലിച്ചിട്ടുണ്ട്. മാസ് സിനിമാ ഡയലോഗുകള് ചേര്ത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്.
വിനോദസഞ്ചാര കേന്ദ്രങ്ങളില് ബിയര്, വൈന് പാര്ലര് അനുവദിക്കും; മന്ത്രി എം ബി രാജേഷ്