കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് എതിരെ മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്ത് പൊലീസ്. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്.
ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിൻ്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്.
എന്നാൽ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനത്തിൻ്റെ രൂപമാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇന്ന് പൊലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.
തൃശൂരില് ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്,കുറുകെ സ്കൂള് വാന്;ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്