കൊച്ചി: ജലവിഭവ വകുപ്പിനെതിരെ സിഐടിയു. കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെൻഡർ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് സമരം.
കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകൾ സമര രംഗത്തേക്ക് വരുന്നത്. നിബന്ധനകൾ പാലിക്കാതെയാണ് ടെൻഡർ നടപടികൾ നടന്നതെന്നാണ് ആരോപണം. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി 10 വർഷത്തേക്ക് കരാർ ഉണ്ടാക്കാനാണ് ജലവിഭവവകുപ്പിന്റെ നീക്കം. എസ്റ്റിമേറ്റ് തുകയേക്കാൾ 23 ശതമാനം അധിക തുകയ്ക്കാണ് കരാർ ഉണ്ടാക്കുന്നത്. എഡിബി വായ്പയുടെ സഹായത്തോടെ ആകെ 2511 കോടി രൂപയുടെ പദ്ധതിയാണ് സ്വകാര്യ കമ്പനിയുമായി ചേർന്ന് ജലവിഭവ വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
എഡിബി വായ്പ സ്വീകരിക്കുന്നതിൽ സിഐടിയു എതിരല്ലെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ നിബന്ധനകൾ ഈ മേഖലയെ സ്വകാര്യവത്കരിക്കാൻ പോന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും സംഘടനകളുമായി ചർച്ച ചെയ്യാതെ, കുടിവെള്ള വിതരണത്തിൽ കോർപ്പറേഷന്റെ പങ്ക് ഇല്ലാതെയാക്കാനുള്ള നയങ്ങളുമായാണ് വകുപ്പ് മുന്നോട്ടുപോകുന്നതെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധസൂചകമായി സിഐടിയു ഇന്ന് കൊച്ചിയിൽ ബഹുജന കൺവെൻഷൻ നടത്തും. എഐടിയുസി, ഐഎൻടിയുസി യൂണിയനുകൾക്കൊപ്പമാണ് സിഐടിയുവിന്റെയും സമരം. കൺവെൻഷൻ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും പരിപാടിയിൽ പങ്കെടുക്കും. ഘടക കക്ഷിയായ കേരള കോൺഗ്രസ് എം ഭരിക്കുന്ന ജലവകുപ്പിനെ പ്രതിരോധത്തിലാക്കുന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനകളുടെ നിലപാട്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് സിഐടിയുവിന്റെ നിലപാട്.