കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പി മോഹനൻ പറഞ്ഞു. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസിനെ വേട്ടയാടാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം പറഞ്ഞു. അവൈലബിൾ സെക്രട്ടേറിയറ്റ് ചേരുമെന്നും പി മോഹനൻ അറിയിച്ചു.
പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നിർണായക തീരുമാനത്തിനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചേരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നടപടി സംബന്ധിച്ച് സെക്രട്ടറിയേറ്റ് ഇന്ന് ചർച്ചചെയ്തേക്കും. ഏരിയ കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്യും. ഇതിനിടെ പിഎസ്സി കോഴ പരാതിക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് വിവരം ശേഖരിച്ചത്. കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.
സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാൾ പാർട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
അതേ സമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതികരിച്ചിരുന്നു. നിയമസഭയിൽ വിഷയവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് എംഎംഎൽഎ എൻ ഷംസുദ്ധീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റർ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പക്കൽ നിന്ന് 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.
ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.