തിരുവനന്തപുരം: വർഗീയതയ്ക്കെതിരെ പോരാടിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമെന്ന് യുഡിഎഫിനെ ഓർമ്മപ്പെടുത്തി കെ കെ ശൈലജ എംഎൽഎ. വടകരയിൽ നേരിട്ട വർഗീയ പ്രചാരണങ്ങളെ മുൻനിർത്തിയായിരുന്നു കെ കെ ശൈലജ നിയമസഭയിൽ സംസാരിച്ചത്. 'വടകരയിൽ മത്സരിച്ച ഒരാളാണ് ഞാൻ. നജീബ് കാന്തപുരം പറഞ്ഞു ഞങ്ങൾക്ക് വേണ്ടി ഗോളടിച്ച മെസി വന്നുവെന്ന്. നജീബ് തർക്കം പറയുന്നില്ല, നല്ല ഗോൾ ആയിരുന്നു. പക്ഷേ ഈ ഗോൾ ലീഗിന്റെ വലയത്തിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ'- ശൈലജ തിരിച്ചടിച്ചു.
മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയായി ഞങ്ങൾ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയ്യാറാകുന്നുണ്ട്. ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കാൻ നമുക്ക് കഴിയണ്ടെ? എല്ലാ വർഗീയതയെയും എതിർക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയണം. എന്നാൽ വടകരയിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.
യുഡിഎഫ് ശ്രദ്ധിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട്. നാളെ കോൺഗ്രസിനും ലീഗിനും ഉണ്ടാകാൻ പോകുന്ന അപകടം ഓർമ്മപ്പെടുത്തി അക്കാര്യം കേരളത്തിനും അപകടമാണെന്ന് ഓർക്കണം. ലൗ ജിഹാദ് ഉണ്ട് എന്ന് ശൈലജ പറഞ്ഞതായി നവമാധ്യമങ്ങളിൽ വ്യാജമായി പ്രചരിപ്പിച്ചു. ഇത് ആരെ ബോധിപ്പിക്കാൻ ആയിരുന്നുവെന്നും കെ കെ ശൈലജ ചോദിച്ചു. ആരാണ് ഇത് ചെയ്തതെന്ന് മനസ്സിലായിട്ടുണ്ട്.
രാഷ്ട്രീയ ധാർമ്മികത എന്നൊന്ന് ഉണ്ട്. രാഷ്ട്രീയ ധാർമ്മികത കാണിച്ചില്ലെങ്കിൽ വരും നാളുകളിൽ അപകടം വരാനിരിക്കുന്നുണ്ട് എന്നും ശൈലജ പറഞ്ഞു. ഒരുമിച്ച് നിന്ന് കേരളത്തിലെ ജനങ്ങൾ കഷ്ടപ്പെട്ട് പോകാതെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നതിന് പരിശ്രമിക്കാം. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാവേലി സ്റ്റോറിൽ അരി കൊടുക്കാനും പെൻഷൻ നൽകാനുമെല്ലാം സാധിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
'നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ നെഹ്റു പോയി ദശാബ്ദം കഴിഞ്ഞപ്പോൾ തന്റെ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയുടെ തന്നെ കല്ലുകൾ അടർത്തിയെടുത്ത് സ്വന്തം കൊട്ടാരത്തിന് ചുറ്റും കോട്ടകൾ പണിതു. ആ ഇളകിയ കല്ലുകൾ പിന്നീട് ഒരിക്കലും നേരെ ഉറപ്പിച്ചിട്ടില്ല. മൗലികാവകാശത്തിന്റെ കല്ലുകൾ ഇറക്കാമെങ്കിൽ സെക്യുലറിസത്തിന്റെ കല്ലുകളും ഇളക്കാമെന്നും പിന്നീട് വന്നവർ പരിശോധിച്ച് കാണുകയാണ്. ഇത് എതിർക്കണം. കോൺഗ്രസ് കുറേക്കൂടി നന്നാകണം' എന്ന് ആനന്ദിന്റെ ലേഖനത്തിലെ വരികളും കെ കെ ശൈലജ നിയമസഭയിൽ ഉദ്ധരിച്ചു.