'കണക്കില്ല': കേരളീയം രണ്ടാം എഡിഷനൊരുങ്ങുന്നത് ആദ്യത്തേതിന്റെ വരവുചെലവ് കണക്കുകള് പുറത്തുവിടാതെ

2023 നവംബറിലായിരുന്നു ആദ്യ കേരളീയം അരങ്ങേറിയത്. പരിപാടി കഴിഞ്ഞ് ഏഴ് മാസമായി ഇതുവരെ വരവ് ചെലവ് കണക്കുകള് കൃത്യമായി പുറത്ത് വന്നിട്ടില്ല

dot image

തിരുവനന്തപുരം: ആദ്യ കേരളീയത്തിന്റെ വരവ് ചെലവ് കണക്കുകള് പുറത്തുവിടാതെയാണ് സര്ക്കാര് കേരളീയത്തിന്റെ രണ്ടാം എഡിഷന് നടത്താന് ഒരുങ്ങുന്നത്. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില് നിന്ന് സ്പോണ്സര്ഷിപ്പിലൂടെ ലഭിച്ച പണത്തിന്റെയും വ്യക്തമായ കണക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില് നട്ടംതിരിയുന്നിതിനിടെ കേരളീയം നടത്തണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

2023 നവംബറിലായിരുന്നു ആദ്യ കേരളീയം അരങ്ങേറിയത്. പരിപാടി കഴിഞ്ഞ് ഏഴ് മാസമായി ഇതുവരെ വരവ് ചെലവ് കണക്കുകള് കൃത്യമായി പുറത്ത് വന്നിട്ടില്ല. 27 കോടിരൂപയാണ് കേരളീയത്തിനായി സര്ക്കാര് നീക്കിവെച്ചത്. സ്പോണ്സര്ഷിപ്പിലൂടെയും പണം സമാഹരിച്ചു. പരിപാടി കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ഇതിലൊന്നും വ്യക്തതയില്ല. വിവിധ സ്ഥാപനങ്ങളില് നിന്ന് സ്പോണ്സര്ഷിപ്പിലൂടെ 11,47,12,000 രൂപ ലഭിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില് അറിയിച്ചത്. 2024 മെയ് മാസം വരെ പ്രത്യേക അക്കൌണ്ടിലേക്ക് വന്ന തുകയാണിത്. പൂര്ണമായ കണക്ക് ക്രോഡീകരിച്ച് വരുന്നതേയുളളൂ എന്നും മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയില് പറഞ്ഞു.

പ്രധാന സ്റ്റേജായിരുന്ന സെന്ട്രല് സ്റ്റേഡിയത്തിലെ കലാപരിപാടികള്ക്ക് മാത്രം 1.55 കോടി ചെലവായെന്ന് സര്ക്കാര് വെളിപ്പെടുത്തിയരുന്നു. തലസ്ഥാന നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും കലാപരിപാടി അരങ്ങേറി. അതിന്റയൊക്കെ ചെലവ് എത്രയെന്നത് ഇപ്പോഴും അജ്ഞാതമായി തന്നെ നില്ക്കുകയാണ്. കേരളീയത്തിന്റെ പരിപാടികള്ക്കെത്തിയ അതിഥികള്ക്ക് താമസത്തിന് 65 ലക്ഷം രൂപ ചെലവിട്ടു എന്നൊരു കണക്ക് കൂടി പുറത്തുവന്നിരുന്നു.

പരിപാടി കഴിഞ്ഞാല് ഒരാഴ്ച്ചക്കകം കണക്ക് പരസ്യപ്പെടുത്തുമെന്നായിരുന്നു സംഘാടക സമിതിയെ നയിച്ച മന്ത്രി വി ശിവന്കുട്ടിയുടെ പ്രഖ്യാപനം. അതെല്ലാം പാഴ്വാക്കായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള് സ്പോണ്സേഡ് പണം ചെലവിട്ടാണെങ്കില് പോലും കേരളീയം നടത്തണോ എന്ന ചോദ്യമാണ് സര്ക്കാരിന് നേരെ ഉയരുന്നത്. ക്ഷേമപെന്ഷന് അഞ്ച് മാസത്തെ കുടിശികയുണ്ട്. ഇതിന് മാത്രം 4250 കോടി വേണം. കാരുണ്യ പദ്ധതിയുടെ കുടിശ്ശികയും ആയിരം കോടിക്ക് മുകളിലാണ്. കൃഷിവകുപ്പിന് കഴിഞ്ഞ വര്ഷം 584 കോടി കുടിശികയുണ്ട്. ഇങ്ങനെയുളള നാനാതരം പ്രതിസന്ധിക്ക് ഇടയിലാണ് വീണ്ടും കേരളീയം നടത്തുന്നത്. സ്പോണ്സര്ഷിപ്പ് വഴി പണം പിരിക്കാന് സര്ക്കാര് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണ് അതിലേറെ പ്രശ്നം.

dot image
To advertise here,contact us
dot image