കെഎസ്യു നിയമസഭാ മാർച്ചിൽ ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; അലോഷ്യസ് സോവ്യറിന് പരിക്ക്

ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവർത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു

dot image

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവർത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൊലീസുകാർ ജലപീരങ്കി പ്രയോഗിച്ചത്. പൊലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും പൊലീസ് ശാന്തത പാലിച്ചിരുന്നു. പക്ഷെ അതിരുകടന്നതോടെ പൊലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചത്. ഇതോടെ പ്രവർത്തകർ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘർഷം വ്യാപിക്കുകയും ചെയ്തു.

ലാത്തിച്ചാർജിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം. ലാത്തിചാർജിനിടെ പ്രവർത്തകർ ഓടിരക്ഷപ്പെട്ടപ്പോൾ അലോഷ്യസ് സേവ്യറിന് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. കൂടുതൽ കെഎസ്യു പ്രവർത്തകർ സ്ഥലത്തെത്തി പൊലീസുമായി വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ പരിക്കേറ്റ അലോസഷ്യസിനെ ആശുപത്രിയിലാക്കുകയും ചെയ്തു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് അധിക ബാച്ചുകൾ വേണമെന്ന് ശുപാര്ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സപ്ലിമെൻ്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന് ശുപാർശയിൽ പറയുന്നു. ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക മുഖ്യമന്ത്രിയോട് കൂടി ആലോചിച്ച ശേഷമായിരിക്കും.

മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്. 15 വിദ്യാർത്ഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.

സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ഇനിയും 16,882 പേർക്കാണ് സീറ്റ് കിട്ടാനുള്ളത്. മലപ്പുറത്ത് മാത്രം പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും വേണം. പാലക്കാട് 8139 ഉം കോഴിക്കോട് 7192 ഉം കണ്ണൂരിൽ 4623 ഉം സീറ്റുകൾ ആവശ്യമാണ്. മലപ്പുറത്ത് കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളടക്കം ചേർത്ത് ഇനി 6937 സീറ്റുകളാണ് ബാക്കിയുള്ളത്.

dot image
To advertise here,contact us
dot image