തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്വിയില് സര്ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വലിയ വിമര്ശനം ഉയരവെ സര്ക്കാരിന്റെ 'തിരുത്തലിന്' നിയമസഭയില് നിന്ന് നാളെ തുടക്കം കുറിക്കും. കുടിശ്ശികയായ ആനുകൂല്യങ്ങള് സംബന്ധിച്ച് മുഖ്യമന്ത്രി നാളെ നിയമസഭയില് പ്രത്യേക പ്രസ്താവന നടത്തും.
ക്ഷേമപെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള് സമയബന്ധിതമായി കൊടുക്കുമെന്ന് ഉറപ്പുനല്കും. ആനുകൂല്യങ്ങള് കുടിശ്ശികയായത് തിരിച്ചടിയായെന്ന തിരിച്ചറിവിലാണ് തിരുത്തല്. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി സഭയില് പ്രത്യേക പ്രസ്താവന നടത്തുന്നത്. വിവിധയിനങ്ങളിലുള്ള ആനുകൂല്യങ്ങള് നല്കാന് 30,000 കോടി രൂപയാണ് വേണ്ടിവരിക.
അതേസമയം മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരെ സിപിഐ സംസ്ഥാന കൗണ്സിലില് രൂക്ഷ വിമര്ശനമാണ് ഉയര്ന്നത്. സര്ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ്ലോക്സഭാ തിരഞ്ഞെടുപ്പില് സംഭവിച്ചതെന്ന് വിമര്ശിച്ചു. ഇങ്ങനെ പോയാല് ബംഗാളിലേക്ക് ദൂരം കുറയും. തിരഞ്ഞെടുപ്പ് പ്രചരണവും പിണറായിയെ കേന്ദ്രീകരിച്ചായിരുന്നു. അതും ദോഷകരമായി. നവ കേരള സദസ്സ് വന് പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രാഷ്ട്രീയ ജാഥ ആയിരുന്നു നടത്തേണ്ടിയിരുന്നത്. അതുണ്ടാകാത്തത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചുവെന്നും കൗണ്സിലില് അഭിപ്രായമുണ്ടായി.
ഇ പി ജയരാജന് ഇടതുമുന്നണി കണ്വീനര് സ്ഥാനത്തിരിക്കാന് യോഗ്യനല്ലെന്നും വിമര്ശനമുണ്ടായി. ഇപിയുടേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവര്ത്തനമാണ്. ഇപിയെ മാറ്റാന് സമ്മര്ദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികള് കുറ്റപ്പെടുത്തി.
തൃശൂര് മേയര് എംകെ വര്ഗീസിനെ മാറ്റണമെന്ന് കൗണ്സിലിലും ആവശ്യമുയര്ന്നു. ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നല്കണമെന്ന് തൃശൂരില് നിന്നുള്ള കൗണ്സില് അംഗങ്ങള് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു ജില്ലകളില് നിന്നുള്ളവരും പിന്തുണച്ചു. മേയറുമായി ഇനിയും മുന്നോട്ടുപോകാന് ആവില്ലെന്ന നിലപാടാണ് നേതാക്കള് സ്വീകരിച്ചത്.
തൃശൂരില് ടൂവീലര് സ്പെയര്പാര്ട്സ് ഗോഡൗണില് തീപിടിത്തം; ഒരു മരണം