കൊച്ചി: ഐഎസ്ആര്ഒ ചാരക്കേസിന്റെ യാഥാര്ത്ഥ്യം നേരത്തെ പുറത്തുവന്നതെന്ന് നമ്പി നാരായണന്. സിബിഐ കുറ്റപത്രം മുഖേന അത് ഇപ്പോള് കോടതിയില് പറഞ്ഞു. അത്രമാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നും നമ്പി നാരായണന് പറഞ്ഞു. ഐഎസ്ആര്ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘം സമര്പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നമ്പി നാരായണന്.
'ഞാന് കുറ്റക്കാരനല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അത് സംഭവിച്ചു. ഞാന് കുറ്റം ചെയ്തില്ലെങ്കില് അത് ആര് ചെയ്തുവെന്നും തെളിയിക്കണമായിരുന്നു. അതിന് 20 വര്ഷത്തോളമെടുത്തു. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നേരത്തെ സമര്പ്പിച്ച റിപ്പോര്ട്ടിലും ഉണ്ടായിരുന്നു', നമ്പി നാരായണന് പ്രതികരിച്ചു. വ്യക്തിപരമായി കേസില് താല്പര്യം നഷ്ടപ്പെട്ടെന്നും വേണമെങ്കില് സാക്ഷിയാകാമെന്നും നമ്പി നാരായണന് പറഞ്ഞു.
മടുത്തു, ഒരു കേസ് മുപ്പത് വര്ഷം കൊണ്ടുപോയതുതന്നെ വലിയ കാര്യമായാണ് തോന്നുന്നത്. ഇപ്പോള് തനിക്ക് പ്രായമായി. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും തനിക്ക് താല്പര്യം നഷ്ടപ്പെട്ടു. കുടുംബത്തിനും സുഹൃത്തുക്കള്ക്കുമൊപ്പം സമയം ചെലവഴിക്കുകയാണെന്നും നമ്പി നാരായണന് കൂട്ടിച്ചേര്ത്തു.
ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. കേസ് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്നും ഹോട്ടലില് വെച്ച് വിജയന് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള് തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തില് പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള് കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര് ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില് നല്കാതിരുന്നതിനെ തുടര്ന്ന് കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില് പറയുന്നു. ഐഎസ്ആര്ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്പ്പിച്ചത്.
മുന് പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേര്ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. മുന് എസ്പി എസ് വിജയന്, മുന് ഡിജിപി സിബി മാത്യൂസ്, മുന് ഡിജിപി ആര് ബി ശ്രീകുമാര്, എസ് കെ കെ ജോഷ്വാ, മുന് ഐ ബി ഉദ്യോഗസ്ഥന് ജയപ്രകാശ് എന്നിവരാണ് പ്രതികള്. മറിയം റഷീദയെ അന്യായമായി തടങ്കലില് വെക്കുകയും ഐബിയെ ചോദ്യം ചെയ്യാന് അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താന് മറിയം റഷീദയെ കസ്റ്റഡിയില് വെച്ച് പീഡിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില് പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതിചേര്ത്ത കേസില് തെളിവില്ല. പ്രതി ചേര്ത്തവരുടെ വീട്ടില് നിന്നും ഒന്നും കണ്ടെത്തിയില്ല. ബോസിന് വേണ്ടി വ്യാജ രേഖകള് ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി ഐ കെകെ ജോഷ്യയായിരുന്നു.