സ്ത്രീകൾക്കെതിരായ അതിക്രമം; രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ എത്തിയില്ല, പകരം വീണാ ജോർജ്

കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല

dot image

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രിയിൽ നിന്നാണ് പ്രതിപക്ഷം മറുപടി തേടിയത്. എന്നാൽ കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. നിയമസഭയിൽ എത്തിയിട്ടും മുഖ്യമന്ത്രി ഫ്ലോറിൽ വന്നില്ല. സഭയിൽ വരാതെ മുഖ്യമന്ത്രി നിയമസഭയിലെ മുറിയിലിരിക്കുകയായിരുന്നു. ഇതുതന്നെ സർക്കാരിന്റെ ഉദാസീനതയുടെ ഉദാഹരണമാണ് പ്രതിപക്ഷം ആഞ്ഞടിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോർജാണ് മുഖ്യമന്ത്രിക്ക് പകരം മറുപടി നൽകിയത്. അതേസമയം ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

പോക്സോ കേസിൽ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെൺകുട്ടികൾക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പോലും പുറത്തുപോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലും സർക്കാർ പരസ്യപ്പെടുത്തിയില്ല. ആരോപിതരായ ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് കണ്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയു പീഡനക്കേസിൽ ഇരയുടെ കൂടെനിന്ന നഴ്സിനെതിരെ നടപടി സ്വീകരിച്ചു. ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പെൺകുട്ടികൾ പോക്സോ കോടതികൾ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു. കാലടി സർവ്വകലാശാലയിലെ ഇരുപതോളം പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ എസ്എഫ്ഐ നേതാവ് സമൂഹമാധ്യമങ്ങളിൽ പ്രചിരിപ്പിച്ചു. വൈകൃത മനസ്സിന് ഉടമയാണ് അയാൾ. ഇത്തരം കേസുകളിൽ പെടുന്ന എസ്എഫ്ഐ സിപിഎം നേതാക്കളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും രമ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് മറുപടി നൽകി. കാലടി സർവകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ പൂമാലയിട്ട് സ്വീകരിക്കുകയല്ല ചെയ്തത്, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അരൂർ സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്. കേസിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. കെസിഎ പീഡനക്കേസിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പ്രതി റിമാൻഡിലാണെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആർജ്ജവം സർക്കാരിനുണ്ട്. കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന അതിക്രമങ്ങളിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ട്? അത്തരം അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള ആളാണ് താനും. തൃക്കാക്കര, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഈ ആക്രമണങ്ങൾ കണ്ടതാണെന്നും വീണാ ജോർജ് തിരിച്ചടിച്ചു. ഇതോടെ സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം ആരംഭിച്ചു.

മാപ്പ് പറഞ്ഞതും തള്ളിപ്പറഞ്ഞതും കൊണ്ട് മാത്രം കാര്യമില്ല. മനോഭാവമാണ് മാറേണ്ടത്. സ്ത്രീയെന്നു പറഞ്ഞാൽ ശരീരം മാത്രമാണോ? വടകര തിരഞ്ഞെടുപ്പ് വേളയിൽ കെ കെ ശൈലജക്ക് നേരെ നടന്നത് എന്തെന്ന് കേരളം കണ്ടു. തയ്യൽ ടീച്ചറുടെ കഷ്ണം കിട്ടിയെങ്കിൽ തരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വീണാ ജോർജ് സഭയിൽ ചോദിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ചേരിതിരിഞ്ഞുള്ള ചർച്ചയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image