കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ കുടുങ്ങിയ പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം. നിരന്തരമായി വന്യമൃഗശല്യമുള്ള പ്രദേശമാണെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങളുടെ പ്രതിഷേധം. നാട്ടുകാർ പ്രദേശത്തെ റോഡ് ഉപരോധിക്കുകയാണ്. മൂന്ന് മണിയോടെയാണ് ഇല്ലിത്തോട്ടിൽ സാജുവിന്റെ വീട്ടിലെ കിണറ്റിൽ കുട്ടിയാന കുടുങ്ങിയത്. ഇതോടെ മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അമ്മയാന തന്നെ കിണറ്റിൽ വീണ കുട്ടിയാനയെ കരയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു.
ആനകളുണ്ടെന്ന് അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്നാണ് നാട്ടുകാരുടെ പരാതി. ആറ് മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയതെന്നും ആളുകൾ ആരോപിക്കുന്നു. എന്നാൽ നാല് മണി മുതൽ സംഭവ സ്ഥലത്തുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഫെൻസിങ് കൃത്യമായി നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം വേണം. രാത്രി വൈകിയും ജോലി കഴിഞ്ഞ് വരുന്ന ആളുകളുണ്ട്. അവരുടെ ജീവന് ഭീഷണിയാണ്. വന്യമൃഗങ്ങളെ തുരത്തുന്നതിന് നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കല്ലെന്നും നാട്ടുകാർ പറഞ്ഞു.