രാജ്യസഭാ സീറ്റ്; സിപിഐ കൗണ്സിലില് വാദപ്രതിവാദങ്ങള്

സുനീര് ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും വി എസ് സുനില്കുമാര് അഭിപ്രായപ്പെട്ടു

dot image

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ കൗണ്സിലില് വാദപ്രതിവാദങ്ങള്. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്കിയതിനെ എതിര്ത്ത് വി എസ് സുനില്കുമാര് യോഗത്തില് രംഗത്തെത്തി. സുനീര് ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്കുമാര് അഭിപ്രായപ്പെട്ടു. മുതിര്ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്കുമാര് അഭിപ്രായപ്പെട്ടു. ഇതോടെ സുനില്കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന് അരുണ് രംഗത്തെത്തി. 40 വയസിന് മുന്പ് എംഎല്എയും 50 വയസിന് മുന്പ് മന്ത്രിയുമായാള് തന്നെ ഇതു പറയണമെന്ന് അരുണ് യോഗത്തില് പരിഹസിച്ച് മറുപടി പറഞ്ഞു.

കൂടാതെ മന്ത്രിമാരെ പാര്ട്ടി എക്സിക്യൂട്ടീവില് നിന്ന് ഒഴിവാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില് അറിയിച്ചു. മന്ത്രിമാര് പാര്ട്ടി ചുമതലകളില് തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു കൗണ്സിലിലെ വിമര്ശനം. എന്നാല്, എക്സിക്യൂട്ടീവില് നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. താന് മന്ത്രിയായിരുന്നപ്പോള് എക്സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്. നിലവില് ഹൗസിംഗ് ബോര്ഡ് ചെയര്മാനാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പില് വയനാട് ലോക്സഭാ മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്കിയാണ് സിപിഐഎം ഇരുപാര്ട്ടികളെയും തൃപ്തിപ്പെടുത്തിയത്.

നേരത്തെ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കണമെന്ന് സിപിഐ ആയുള്ള ചര്ച്ചയില് സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല് ഈ നിര്ദേശം അംഗീകരിക്കാന് സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്കി പ്രശ്നം അവസാനിപ്പിക്കാന് തയ്യാറായത്.

കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയില് പിടിച്ചു നിര്ത്തണം എന്ന നിര്ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്സഭയില് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല് മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. ഒരു ക്യാബിനറ്റ് പദവി നല്കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന് സിപിഐഎം തയ്യാറായത്.

dot image
To advertise here,contact us
dot image