കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണത്തിൽ അതിവേഗ നടപടിയുമായി കേരള പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യാജ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചിരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നടനും തൃശൂരില് നിന്നുള്ള എംപിയും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തന്റെ പേരിൽ പ്രചരിച്ച പോസ്റ്ററുകൾ വ്യാജമാണെന്നും അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നും മുൻപ് സലിം കുമാർ പ്രതികരിച്ചിരുന്നു.
'രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ', എന്നായിരുന്നു അന്ന് സലിം കുമാര് കുറിച്ചത്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞതെന്ന തരത്തിലായിരുന്നു ഈ പോസ്റ്റ് പ്രചരിച്ചത്.
'എനിക്ക് സഹോദര തുല്യനായ സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ല. പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു', എന്നും സലിം കുമാർ പ്രതികരിച്ചിരുന്നു.
ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച സംവിധായകൻ; രാജമൗലിയുടെ ഡോക്യുമെന്ററി എപ്പോൾ കാണാം