കോഴിക്കോട്: യാത്രക്കാർ ഇല്ലാത്തതിനാൽ നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന സർവീസാണ് ഉപേക്ഷിച്ചത്.
ഇന്ന് വെറും അഞ്ച് പേർ മാത്രമാണ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ബെംഗളൂരിവിൽ നിന്ന് തിരിച്ചാകട്ടെ ഒരാളും ! ഗരുഡ പ്രീമിയം എന്ന ക്ലാസിൽ ഉൾപ്പെടുത്തിയാണ് ബസ് ഇറക്കിയത്. ആദ്യഘട്ടങ്ങളിൽ മികച്ച പ്രതികരണമാണ് ബസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വെറും 14,000 രൂപ മാത്രം കളക്ഷൻ കിട്ടുന്ന രീതിയിലേക്ക് സർവീസ് മാറി. അതോടെ ഇന്നലെയും ഇന്നുമായി സർവീസ് നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തുകയായിരുന്നു.
എന്നാൽ ബുധൻ, വ്യാഴം പോലുള്ള ദിവസങ്ങളിൽ താരതമ്യേന ആളുകൾ കുറവുണ്ടാകാറുണ്ട് എന്നാണ് അധികൃതരുടെ വിശദീകരണം. ആഴ്ച്ചാവസാനങ്ങളിലും, അവധി ദിവസങ്ങളിലും തിരക്കേറുമെന്നും അപ്പോൾ സർവീസ് പതിവുപോലെ നടക്കുമെന്നും അധികൃതർ അറിയിച്ചു.
പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തുന്ന രീതിയിലും ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്കണം. ആദ്യ സർവീസുകളിൽ ബസ് ടിക്കറ്റിന് വന് ഡിമാന്ഡായിരുന്നു. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്ക്കകം ടിക്കറ്റ് മുഴുവന് വിറ്റുതീര്ന്നിരുന്നു.