കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തിൽ സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നൽകും. ഇതിനിടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി പ്രമോദ് കോട്ടൂളി രംഗത്തെത്തി. റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്സ് ചർച്ചകളോടുള്ള മറുപടിയെന്ന നിലയിലാണ് പ്രമോദ് കോട്ടൂളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കടം ഉള്ള ആളാണ്, ആ കടം വീട്ടാൻ ബുദ്ധിമുട്ടുകയാണ് താനെന്നുമാണ് പ്രമോദ് പറയുന്നത്. ഒരു റിയൽ എസ്റ്റേറ്റ് ബന്ധവും തനിക്കില്ലെന്നും പ്രമോദ് കുറിച്ചു.
'ഇപ്പോൾ എൻ്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, ആ ബാങ്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരിക്കുന്നതാണ്. ഇതുവരെ ജീവിച്ച കടം തീർക്കാൻ 2020 ൽ എടുത്തവായ്പയാണ്. 2024 ഈ മാസം 9ന് ലോൺ തുക ഇതുവരെ ഒരു പൈസയും അടയ്ക്കാത്തതിൻ്റെ ഭാഗമായി അദാലത്തിൽ വെച്ചിട്ടുണ്ട്, താങ്കൾക്ക് അന്വേഷിക്കാം. 2020 മുതൽ സ്വന്തം വീടിൻ്റെ ലോൺ അടയ്ക്കാൻ പറ്റാത്ത റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ആളാണ് പ്രമോദ് കോട്ടൂളി. എൻ്റെ ജീവിതം തുറന്ന് വെച്ചിരിക്കുന്നു.... ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ താങ്കൾക്ക് പരിശോധിക്കാം. കൊന്നു തിന്ന് കഴിഞ്ഞാൽ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ..'; പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി. ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ പ്രമോദിനെതിരെ വിമർശനം ഉയർന്നിരുന്നു.
പ്രമോദിനെതിരെ സംഘടനാ നടപടി പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന 21 അംഗ ഏരിയ കമ്മറ്റിയില് യോഗത്തില് പങ്കെടുത്ത 18ല് 14 പേരും പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു
റിയല് എസ്റ്റേറ്റ് ബന്ധം, ജീവിത ശൈലിയില് പെട്ടെന്നുണ്ടായ മാറ്റം, ലോണ് തരപ്പെടുത്താന് കമ്മീഷന് വാങ്ങിയെന്ന ആരോപണം ഉള്പ്പെടെ പ്രമോദിനെതിരായ മുന് പരാതികള് അംഗങ്ങള് യോഗത്തില് ഉയര്ന്ന് വന്നിരുന്നു. പാര്ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന നിലപാടുകള് സ്വീകരിക്കുന്നയാളെ പുറത്താക്കണമെന്ന് 14 അംഗങ്ങളാണ് യോഗത്തില് ആവശ്യപ്പെട്ടത്. നാലുപേര് പ്രമോദിനെ അനുകൂലിച്ചു. ആകെയുള്ള 21 അംഗങ്ങളില് മൂന്ന് പേര് യോഗത്തില് പങ്കെടുത്തിരുന്നില്ല.