ആലപ്പുഴ: ട്രാഫിക് നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര് സഞ്ജു ടെക്കിയെ മാഗസീന് ഉദ്ഘാടന പരിപാടിയില് നിന്നും ഒഴിവാക്കി. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില് നടക്കുന്ന മാഗസീന് പ്രകാശനത്തില് അതിഥിയായി സഞ്ജുവിനെ ക്ഷണിച്ചത് വിവാദമായതോടെയാണ് ഒഴിവാക്കി തലയൂരിയത്. സിപിഐഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം ആര് റിയാസാണ് പരിപാടിയുടെ സംഘാടകന്.
അതേസമയം, തെറ്റ് തിരുത്താന് അവസരം തരണമെന്ന് സഞ്ജു ടെക്കി പറഞ്ഞു. തന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. തെറ്റ് ഏറ്റുപറഞ്ഞ് വിദ്യാര്ത്ഥികളോട് സംസാരിക്കാന് ഉദ്ദേശിച്ചിരുന്നു. സ്കൂളിലെ പരിപാടിയില് നിന്നും ഒഴിവാക്കിയതില് സങ്കടമുണ്ടെന്നും സഞ്ജു ടെക്കി പറഞ്ഞു.
കാറില് സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില് സഞ്ജു ടെക്കിയുടെ ലൈസന്സ് ആജീവനാന്തം റദ്ദ് ചെയ്തിരിക്കുകയാണ്. ഒപ്പം ഇയാളുടെ വീഡിയോകള് യൂട്യൂബ് നീക്കം ചെയ്തിരുന്നു. മേട്ടോര് വാഹന നിയമലംഘനങ്ങള് അടങ്ങിയ എട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്ഫോഴ്സ്മെന്റ് ആര്ടിഒ യൂട്യൂബിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. യൂട്യൂബില് 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.