ആലപ്പുഴ: ട്രാഫിക് നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി വിദ്യാർത്ഥികളുടെ പരിപാടിയിൽ അതിഥി. ആലപ്പുഴ, മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നടക്കുന്ന കുട്ടികളുടെ മാഗസിൻ പ്രകാശനത്തിലാണ് സഞ്ജു ടെക്കിയെ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. റോഡ് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരായ കേസ് കോടതിയിൽ നടക്കുകയാണ്. പരിപാടിക്കായി അച്ചടിച്ച നോട്ടീസിൽ 'സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ' എന്നാണ് സഞ്ജു ടെക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി നടക്കേണ്ടത്. സിപിഐഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസാണ് പരിപാടിയുടെ സംഘാടകൻ.
കാറില് സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില് സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തിരിക്കുകയാണ്. ഒപ്പം ഇയാളുടെ വീഡിയോകള് യൂട്യബ് നീക്കം ചെയ്തിരുന്നു. മേട്ടോര് വാഹന നിയമലംഘനങ്ങള് അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്ഫോഴ്സ് ആര്ടിഒ യൂട്യൂബിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. യൂട്യൂബില് 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.
കാറിന് നടുവിലെ രണ്ട് സീറ്റുകള് മാറ്റി പകരം പ്ലാസ്റ്റിക് ടര്പോളിന് കൊണ്ടാണ് സ്വിമ്മിംഗ് പൂള് തയ്യാറാക്കിയത്. തുടര്ന്ന് മൂന്ന് സുഹൃത്തുക്കള്ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില് കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള് ട്യൂബില് പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടര്പോളിന് ചോര്ച്ചയുണ്ടായി വെള്ളം കാറിനുള്ളില് പടര്ന്നു. എന്ജിനിലടക്കം വെള്ളം കയറുകയായിരുന്നു. വശത്തെ സീറ്റിലെ എയര് ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര് വെള്ളം മുഴുവന് റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള് ശ്രദ്ധയില്പ്പെട്ട ആര്ടിഒ എന്ഫോഴ്സ്മെന്റ് വിഭാഗം കാര് കസ്റ്റഡിയിലെടുക്കുകയായിരുന്നു.