തൃശ്ശൂര്: ലോക്സഭാ തിരഞ്ഞെടുപ്പില് സുരേഷ് ഗോപിയുടേത് രാഷ്ട്രീയ വിജയമാണെന്ന് പൂര്ണ്ണമായും പറയാന് കഴിയില്ലെന്ന് വി കെ ശ്രീകണ്ഠന് എംപി. സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തൃശൂരില് കണ്ടു. ഇക്കാര്യം കോണ്ഗ്രസ് തിരഞ്ഞെടുപ്പിന് മുന്പ് തന്നെ ആരോപിച്ചിരുന്നുവെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു.
എല്ഡിഎഫ് സ്ഥാനാര്ത്ഥി വി എസ് സുനില് കുമാറിന് ഇപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. പാര്ട്ടിക്ക് അതീതമായ സ്വാധീനങ്ങള് ഉള്ളതിനാലാണ് സുരേഷ് ഗോപി വിജയിച്ചത്. മേയര് എം കെ വര്ഗ്ഗീസ് പലതവണ സുരേഷ് ഗോപിയെ പുകഴ്ത്തിയിട്ടും സിപിഐഎം വിലക്കിയില്ല. പാര്ട്ടിയുടെ അറിവോടെയാണ് മേയറുടെ പ്രവര്ത്തികള് എന്നും എം പി ആരോപിച്ചു.
തൃശൂര് നഗരസഭയില് ഭരണസ്തംഭനമാണ്. പ്രതിസന്ധിയിലായ ജനങ്ങളെ രക്ഷിക്കാനെങ്കിലും സിപിഐഎം വായ തുറന്നു നിലപാട് വ്യക്തമാക്കണം. മേയര്ക്കുള്ള പിന്തുണ പിന്വലിച്ച് കത്ത് നല്കാന് സിപിഐ തയ്യാറാകണം. മേയര്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് അടക്കം കോണ്ഗ്രസ് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.