ആറാമത് നവമലയാളി പുരസ്കാരം മാധ്യമ പ്രവര്ത്തകനായ ശശികുമാറിന്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്ത്തനത്തെ സത്യാനന്തര കാലത്തും അര്ത്ഥവത്തായി നിലനിര്ത്താന് അദ്ദേഹം നടത്തിയ ശ്രമങ്ങള്ക്ക് നല്കുന്ന ആദരം എന്ന നിലയ്ക്കാണ് ഈ പുരസ്കാരം. മാനവികതയേയും സാമൂഹ്യപുരോഗതിയേയും സാംസ്കാരികാരോഗ്യത്തേയും മുന്നിര്ത്തി വിവിധ മേഖലകളില് ഗണ്യമായ സംഭാവനകള് അര്പ്പിച്ച വ്യക്തികള്ക്ക് നല്കുന്ന ഈ പുരസ്ക്കാരം ഏര്പ്പെടുത്തിയത് നവ മലയാളി ഓണ്ലൈന് പ്രസിദ്ധീകരണമാണ്.
ഏഷ്യാനെറ്റ് എന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനലിന്റെ ഉള്ളടക്ക വിന്യാസം നിര്വ്വഹിച്ചതില് പ്രധാനി ശശികുമാര് ആയിരുന്നു. ഭരണകൂടങ്ങളുടെ പബ്ളിക് റിലേഷന്സ് വകുപ്പായി ദേശീയ മാധ്യമങ്ങളില് പലതും അധഃപതിച്ച ഇക്കാലത്ത് മനുഷ്യാവകാശത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഏറ്റവും സജീവമായ ഒന്നായാണ് ദൃശ്യമാധ്യമത്തെ ശശികുമാര് കണ്ടത്.
ദൂരദര്ശനില് ആദ്യ കാല വാര്ത്താ വായനക്കാരനായും 'മണി മാറ്റേഴ്സ്' എന്ന പേരില് സാമ്പത്തിക ശാസ്ത്രത്തെ ആസ്പദിച്ചുള്ള ആദ്യ ടിവി പരിപാടിയുടെ പ്രൊഡ്യൂസറായുമാണ് ശശികുമാര് മാധ്യമ രംഗത്തേയ്ക്ക് വരുന്നത്. അതിന് ശേഷം 'താനാ ബാന' പോലുള്ള സാംസ്കാരിക പരിപാടികളും 'ജന് മഞ്ച്' പോലുള്ള സാമൂഹ്യ പ്രാധാന്യമുള്ള പരിപാടികളും അവതരിപ്പിച്ചു കൊണ്ട് ഇന്ത്യന് ടിവി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു മുഖമായി അദ്ദേഹം മാറി. ഫ്രണ്ട് ലൈനില് പ്രസിദ്ധീകരിച്ചിരുന്ന 'അണ് മീഡിയേറ്റ്' എന്ന പംക്തിയിലൂടെ അച്ചടി മാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏഷ്യന് കോളേജ് ഓഫ് ജേര്ണലിസം സ്ഥാപിച്ചുകൊണ്ട് മാധ്യമ വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഇടപെടുകയുണ്ടായി. ഇപ്പോള് ഏഷ്യാവില് എന്ന പേരില് ഓണ്ലൈന് മാധ്യമ രംഗത്ത് ശ്രദ്ധേയമായ ബഹുഭാഷാ മാധ്യമ പ്ലാറ്റ്ഫോമും അദ്ദേഹത്തിന്റെ മുന്കൈയില് പിറവിയെടുത്തതാണ്.
മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ മേല്പ്പറഞ്ഞ സംഭാവനകള് കണക്കിലെടുത്തു കൊണ്ടാണ് ആറാമത് നവ മലയാളി പുരസ്ക്കാരം അദ്ദേഹത്തിന് നല്കാന് പി എന് ഗോപീകൃഷ്ണന്, അബ്ദുല് ഗഫൂര്, അഡ്വ വി എന് ഹരിദാസ് എന്നിവര് അംഗങ്ങളായ ജൂറി തീരുമാനിച്ചത്. കെജിഎസ്, ആനന്ദ്, സച്ചിദാനന്ദന്, സക്കറിയ, അരുന്ധതി റോയ് തുടങ്ങിയവരാണ് മുന് വര്ഷത്തെ ജേതാക്കള്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്ഡ് 2024 ഓഗസ്റ്റ് 24 ന് തൃശ്ശൂര് കേരള സാഹിത്യ അക്കാദമിയില് വെച്ച് ശശികുമാറിന് സമ്മാനിക്കും.
പത്രസമ്മേളനത്തില് പി എന് ഗോപീകൃഷ്ണന്, അബ്ദുല് ഗഫൂര്, പി എസ് ഷാനു, അഡ്വ വി എന് ഹരിദാസ് എന്നിവര് പങ്കെടുത്തു.